15 മുതല്‍ 18 വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നുമുതൽ ; വാക്സിനേഷൻ മറ്റന്നാൾ തുടങ്ങും

Jaihind Webdesk
Saturday, January 1, 2022

തിരുവനന്തപുരം: 15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻരജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ സ്കൂൾ തിരിച്ചറിയൽ കാർഡോ നൽകാം.

തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുക. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം സ്പോർട്ടിലെത്തിയും വാക്സിനെടുക്കാം. ഇതിനായി 5 ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്തെത്തി.

18ന് മുകളിലുള്ളവർക്കായി പ്രത്യേക ഊർജ്ജിത വാക്സിനേഷൻ യജ്‍ഞവും ഇന്ന് തുടങ്ങും. ഇന്നും നാളെയുമായാണ് യജ്ഞം. ആദ്യ ഡോസ് എടുക്കാൻ ബാക്കിയുള്ളവരും, രണ്ടാം ഡോസ് മുടങ്ങിയവരും വാക്സിനെടുത്ത് തീർക്കാനാണ് നിർദേശം. തിങ്കളാഴ്ച്ച മുതൽ കുട്ടികൾക്കായിരിക്കും വാക്സിന് മുൻഗണന. ഒമിക്രോണിൽ കൂടുതൽ പരിശോധനാ ഫലങ്ങൾ ഇന്ന് വന്നേക്കും.

അതേസമയം, രാജ്യത്ത് ഒമിക്രോണ് (Omicron) ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോടടുക്കുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണവും കുത്തനെ കൂടി. ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളിൽ ദശാംശം അഞ്ചിൽ നിന്ന് 2.44 ശതമാനമായി ഉയർന്നു. മുബൈയിൽ രോഗികളുടെ എണ്ണം 47 ശതമാനം വർധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു. ബംഗാൾ, ഗുജറാത്ത് ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി.

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധന കൂട്ടാനും, മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വീട്ടിൽ പരിശോധന നടത്തുന്ന കിറ്റിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നും നിർദേശം ഉണ്ട്. 145 കോടിയിൽ അധികം ഡോസ് വാക്സിൻ വിതരണം ചെയ്തു.