
നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഉന്നത പോലീസ് പദവിയിലിരുന്ന വ്യക്തി തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ശാസ്തമംഗലം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖ, വോട്ടെടുപ്പിനോട് അനുബന്ധിച്ച് എന്‍.ഡി.എയ്ക്ക് അനുകൂലമായ സര്‍വേ ഫലം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഔദ്യോഗിക ജീവിതകാലം മുഴുവന്‍ നിയമം പാലിക്കാനും നടപ്പിലാക്കാനും ചുമതല വഹിച്ച ഒരാള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരത്തില്‍ തരംതാഴുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍മാരെ സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങള്‍ പരാജയഭീതിയില്‍ നിന്നും ഉടലെടുക്കുന്നതാണ്. നിയമവാഴ്ചയെയും ജനാധിപത്യ മൂല്യങ്ങളെയും കാത്തുസൂക്ഷിക്കേണ്ടവര്‍ തന്നെ അവയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് പൊതുസമൂഹം തിരിച്ചറിയണം. ഈ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.