താങ്കൾ മഹാരാജാവല്ല, കേരളാ മുഖ്യമന്ത്രിയാണെന്ന് വി. ഡി. സതീശൻ, ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി, സഭയിൽ വാക്‌പോര്‌

Jaihind Webdesk
Thursday, July 4, 2024

 

തിരുവനന്തപുരം : കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അക്രമത്തെ ചൊല്ലി നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. നെറികെട്ട രാഷ്ട്രീയത്തിന്‍റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് സിപിഎമ്മിനോട് വി. ഡി. സതീശൻ. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്‌യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭയിലെ പ്രസംഗത്തിലാണ് വി.ഡി. സതീശന്‍റെ മറുപടി.

ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നു. സിദ്ധാർത്ഥന്‍റെ സംഭവം ഉണ്ടായപ്പോൾ ഇനി അങ്ങനെയൊരു സംഭവം ആവർത്തിക്കില്ല എന്ന് കേരളം കരുതി. അതിന്‍റെ വേദന മാറും മുമ്പ് വീണ്ടുമൊരു ചെറുപ്പക്കാരനെ ആൾക്കൂട്ട വിചാരണ നടത്തി. ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്യാൻ ആരാണ് അനുവാദം കൊടുത്തത്? ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പകരം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഇടിമുറികൾ ഉണ്ടാക്കി ക്യാമ്പസുകളിൽ ക്രിമിനലുകൾ പൈശാചികമായ വേട്ട നടത്തുന്നു. ഇവരെ നിയന്ത്രിക്കാൻ ക്യാമ്പസുകളിൽ ആരുമില്ലാത്ത അവസ്ഥയാണ്.

ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ ചോദ്യത്തോട് ഭരണപക്ഷം സഭയിൽ ബഹളം ഉണ്ടാക്കി. ഇതോടെ  പ്രതിപക്ഷ നേതാവ് വീണ്ടും ക്ഷുഭിതനായി. പ്രതിപക്ഷവും സീറ്റിൽ നിന്നു എഴുന്നേറ്റു. 29 വർഷം സിപിഎമ്മിന്‍റെ അധ്യാപക സംഘടനയിൽ പ്രവർത്തിച്ച ആളാണ് എസ്എഫ്ഐയുടെ അതിക്രമം മൂലം ബിജെപിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാർഥിയെന്ന് സതീശൻ പറഞ്ഞു.  ബഹളമായതോടെ  മുഴുവൻ പറഞ്ഞിട്ടെ പോകുവെന്ന് വി. ഡി. സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന ആ സ്ഥാനത്തിന് യോജിച്ചതല്ല’. നിങ്ങൾ കേരളത്തിലെ മുഖ്യമന്ത്രിയാണ് മഹാരാജാവല്ലെന്നും സതീശന്‍ പറഞ്ഞു. ഇതോടെ മറുപടി നൽകിയ പിണറായി വിജയൻ ഞാൻ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും  എല്ലാകാലത്തും ജനങ്ങൾക്കൊപ്പമാണ് ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുമെന്നും മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങൾ ഓർമപ്പെടുത്തുന്നുവെന്നായിരുന്നു വി. ഡി. സതീശൻ നൽകിയ മറുപടി. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വാക്കേറ്റമായി. ഇരുപക്ഷവും  സഭയുടെ നടുത്തളത്തിന് അരികിലേക്കിറങ്ങി. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം പല കുറി തടസ്സപ്പെടുത്തുവാൻ മന്ത്രിമാർ ഉൾപ്പെടെ ഉള്ളവർ ശ്രമിച്ചത് സഭയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പ്ലക്കാർടുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.