പോരാട്ട വീര്യത്തിന് പ്രായം തടസമാകില്ലെന്ന സന്ദേശം നല്‍കിയാണ് വി.എസ് അച്യുതാനന്ദന്‍ കേരളത്തോട് വിട പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . പ്രതിപക്ഷ നേതാവിയിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും വി.എസ് പ്രതിപക്ഷമായിരുന്നു. കലഹിക്കേണ്ടവയോടൊക്കെ അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു. ആനാവശ്യ കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെന്നും അദ്ദേഹം അനുസ്മരിച്ചു. ഭൂമി പ്രശ്നങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ചു. പാര്‍ട്ടി ചട്ടക്കൂടും മറികടന്ന്, സാധാരണ ഒരു കമ്മ്യൂണിസ്റ്റുകാരന് സഞ്ചരിക്കാന്‍ പറ്റാത്ത വഴികളിലൂടെയാണ് വി.എസ് സഞ്ചരിച്ചത്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെ സ്വന്തം വഴികളിലൂടെയായിരുന്നു വി.എസിന്റെ യാത്ര. അതുകൊണ്ടാണ് വി.എസിന്റെ യാത്ര വ്യത്യസ്തമായതും.
വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷാംഗം ഞാനായിരുന്നു. അന്നൊക്കെ പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അനുകൂലമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് തയാറായിട്ടുണ്ട്. നെടുമ്പാശേരി അത്താണിയിലെ 200 കോടി വിലമതിക്കുന്ന ഭൂമി അഞ്ചരക്കോടി രൂപയ്ക്ക് സാന്റിയാഗോ മാര്‍ട്ടിന് കൈമാറിയ നടപടി ചൂണ്ടിക്കാട്ടിയപ്പോള്‍ 24 മണിക്കൂറിനകം നടപടി എടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് ഉത്തരവിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തെ കൊള്ളയടിക്കുന്നുവെന്ന വിവാദം ഉയര്‍ത്തിയപ്പോഴും വി.എസിന്റെ പിന്തുണ പ്രതിപക്ഷത്തിനുണ്ടായിരുന്നു. നാലു വര്‍ഷത്തിനിടെ 80,000 കോടി രൂപയാണ് കേരളത്തില്‍ നിന്നും നഷ്ടപ്പെട്ടതെന്നാണ് അന്ന് വി.എസ് പറഞ്ഞത്. ലോട്ടറിയുമായി ബന്ധപ്പെട്ട ചര്‍ച്ചയെ തുടര്‍ന്ന് ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ വാദംവി.എസിന് ബോധ്യപ്പെട്ടതു കൊണ്ടാണ് ലോട്ടറി നിരോധനം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ചില ഘട്ടങ്ങളില്‍ വി.എസ് പരിധി വിട്ട് സംസാരിച്ചിട്ടുണ്ടെങ്കിലും പൊതുപ്രശ്നങ്ങളില്‍ അദ്ദേഹത്തിന് നിലപാടുണ്ടായിരുന്നു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ച് ചിലര്‍ക്ക് കീഴടങ്ങിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. അക്കാര്യങ്ങളിലും അദ്ദേഹത്തെ ഞങ്ങള്‍ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ വി.എസിനെ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.