V S Achuthanandan| മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു

Jaihind News Bureau
Monday, July 21, 2025

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളുമായിരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു. 102 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് സംഭവിച്ചത്.

കേരളം കണ്ട ഏറ്റവും ജനകീയനായ ഭരണാധികാരിയും മൂര്‍ച്ചയേറിയ വാക്കുകളാല്‍ എതിരാളികളെ നിശബ്ദനാക്കിയ പ്രതിപക്ഷ നേതാവും പോരാട്ടങ്ങളുടെ പര്യായവുമായിരുന്നു വിടവാങ്ങിയ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍.

വിടവാങ്ങുന്നത് ഒരു യുഗം

2016-ൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റെങ്കിലും, അനാരോഗ്യം കാരണം പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും കേരളം എപ്പോഴും ഉറ്റുനോക്കിയിരുന്നു.

വി.എസ്സിന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന യുഗത്തിനാണ് തിരശ്ശീല വീഴുന്നത്. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, അനീതിക്കെതിരെ പോരാടിയ, സാധാരണക്കാരന്റെ ശബ്ദമായി മാറിയ, തലമുറകളെ ആവേശം കൊള്ളിച്ച ഒരു പോരാളിയെയാണ് കേരളത്തിന് നഷ്ടമാകുന്നത്. ആ വിപ്ലവവീര്യം ഇനി ഓർമ്മകളിൽ ജ്വലിച്ചുനിൽക്കും.