സിദ്ധാർത്ഥന്‍റേത് കൊലപാതകം തന്നെ; കേന്ദ്ര ഏജന്‍സി അന്വേഷിക്കണം, പ്രതികരണവുമായി വി.എം. സുധീരൻ

Monday, March 4, 2024

തിരുവനന്തപുരം:  പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് മുതിർന്ന നേതാവ് വി.എം. സുധീരൻ. സിദ്ധാർത്ഥന്‍റേത് കൊലപാതകം തന്നെയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന് മേല്‍ രാഷ്ട്രീയ സമ്മർദ്ദം ഉണ്ട്. സിദ്ധാർത്ഥന്‍റെ മരണത്തില്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഡീനിന്‍റെ പങ്ക് വ്യക്തമാണ്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ കൊലപാതകത്തില്‍ കോണ്‍ഗ്രസും പോഷക സംഘടനകളും സമരം ശക്തമാക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലും , മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍  എംപിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും
ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും. കൂടിയാലോചനകള്‍ക്ക്  ശേഷം ഇവര്‍ രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍ മാധ്യമങ്ങളെ കാണും. അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉള്‍പ്പെടെ വിവിധ സമരപരിപാടികളാണ് പരിഗണനയിലുള്ളത്.