അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു, കേവലം ബിജെപി ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടയുടെ നേര്‍കാഴ്ചയായി മാറിയെന്ന് വി എം സുധീരന്‍

Jaihind Webdesk
Monday, January 22, 2024


അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി എം സുധീരന്‍. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കേവലം ബിജെപി ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടയുടെ നേര്‍കാഴ്ചയായി മാറി. നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തില് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാമന്‍ ബിജെപിക്ക് ഒപ്പമല്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്.

വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിൻ്റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന് ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോർക്കുക. ഗുരുഹത്യ നടത്തിയവർ നീതിമാന്‍റെ മുഖം മൂടി ധരിച്ച് വരുമ്പോൾ അത്തരക്കാരോട് കോണ്‍ഗ്രസിന് ഒരിക്കലും സന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.