‘നേതൃത്വത്തെ അണികള്‍ തിരുത്തണം’; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി, സിപിഎം നേതൃത്വത്തിന് കനത്ത പ്രഹരം

Jaihind News Bureau
Wednesday, February 4, 2026

 

പയ്യന്നൂര്‍: സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ പ്രകാശനം ചെയ്തു. ജോസഫ് സി. മാത്യുവാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. പ്രൊഫ. എം.എന്‍. വിജയന്റെ മകന്‍ വി.എസ്. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. കനത്ത പോലീസ് സുരക്ഷയിലും ആവേശകരമായ ജനപങ്കാളിത്തത്തിലുമാണ് ചടങ്ങ് നടന്നത്.

പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചു എന്ന് നവമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം ഉണ്ടായതായി കുഞ്ഞികൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും തേജോവധം ചെയ്യാനുമാണ് ശ്രമം നടക്കുന്നത്. സദസ്സിന് മുന്നില്‍ പറയാന്‍ പറ്റാത്ത വിധത്തിലുള്ള അശ്ലീല സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും, പഴയ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ചതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി. മാത്യു പറഞ്ഞു. സത്യത്തിനൊപ്പം നിന്നതിനാലാണ് വി.എസിന് പൊളിറ്റ് ബ്യൂറോയ്ക്ക് പുറത്തുപോകേണ്ടി വന്നത്. കമ്മ്യൂണിസവും സത്യവും എന്നുമുതലാണ് രണ്ടായത് എന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടി തന്നെ തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണ് പാര്‍ട്ടിക്ക് വരുന്നതെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ ചടങ്ങ് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കുഞ്ഞികൃഷ്ണന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.