
തിരുവനന്തപുരം നഗരസഭയുടെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ എം.എൽ.എ ഓഫീസ് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ രംഗത്തെത്തി. എം.എൽ.എയുടെ പേരിൽ നിയമസഭാ ഹോസ്റ്റലിൽ സൗകര്യങ്ങളുള്ളപ്പോൾ എന്തിനാണ് നഗരസഭാ കെട്ടിടം കൈവശം വെക്കുന്നതെന്നാണ് ശബരീനാഥന്റെ ചോദ്യം. വട്ടിയൂർക്കാവ് മണ്ഡലം പരിധിയിൽ തന്നെയാണ് എം.എൽ.എ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി വി.കെ. പ്രശാന്തിന് രണ്ട് മുറികൾ അനുവദിച്ചിട്ടുണ്ടെന്ന് ശബരീനാഥൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. കമ്പ്യൂട്ടർ സംവിധാനങ്ങളും കാർ പാർക്കിംഗും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാണ്. മിക്ക എം.എൽ.എമാരും സ്വന്തം മണ്ഡലങ്ങളിൽ വാടക മുറികളിലാണ് ഓഫീസ് നടത്തുന്നത്. എന്നാൽ സർക്കാർ സൗജന്യമായി ഇത്രയും വലിയ സൗകര്യങ്ങൾ നൽകുമ്പോൾ അത് ഉപയോഗപ്പെടുത്താതെ നഗരസഭയുടെ കെട്ടിടം ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന് ശബരീനാഥൻ ആരോപിച്ചു.
ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ ഈ ഓഫീസ് കെട്ടിടം തനിക്ക് കൗൺസിലർ ഓഫീസായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. എം.എൽ.എ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ വി.കെ. പ്രശാന്തിനെ നേരിട്ട് വിളിച്ചിരുന്നു. നഗരസഭാ കെട്ടിടം കൗൺസിലർ ഓഫീസിന് അവകാശപ്പെട്ടതാണെന്ന ബി.ജെ.പി നിലപാടിന് ശബരീനാഥന്റെ വിമർശനം കൂടി എത്തിയതോടെ വട്ടിയൂർക്കാവിൽ രാഷ്ട്രീയ പോര് മുറുകുകയാണ്.