ആനാവൂരിനെ മാറ്റി; വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

Jaihind Webdesk
Thursday, January 5, 2023

 

തിരുവനന്തപുരം: വിഭാഗീയതയ്ക്കും ചേരിപ്പോരിനും ഇടയിൽ വി ജോയ് എംഎൽഎ സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ജോയ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്.

ഇത് ചർച്ച ചെയ്യുന്നതിനുള്ള സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായതിനുശേഷം പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തുന്നതിൽ വലിയ തർക്കം നിലനിൽക്കുകയായിരുന്നു. ഇതിനിടയിലാണ് കത്ത് വിവാദം ഉൾപ്പെടെയുള്ള ഒട്ടനവധി വിവാദങ്ങൾ പാർട്ടിയെ പിടിച്ചുലച്ചത്.  ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയാറായത്.

മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങളുമെല്ലാം വിമർശന വിധേയമായ സാഹചര്യത്തിൽ അനാവൂർ നാഗപ്പനെതിരെ പാർട്ടിയിൽ നീക്കം ശക്തമായിരുന്നു. അതേസമയം വി ജോയിക്കെതിരെയും ചില അപസ്വരങ്ങൾ പാർട്ടിയിൽ ഉയരുന്നുണ്ട്.