തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41 ശതമാനത്തില്‍ നിന്നും 50 ആയി ഉയര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കഠിനാധ്വാനം കൊണ്ട് ആളോഹരി വരുമാനം വര്‍ധിപ്പിച്ച സംസ്ഥാനമാണ് കേരളം. അത് ഇപ്പോള്‍ ദോഷകരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ആളോഹരി വരുമാനം പരിഗണിക്കുമ്പോള്‍ കുറവ് നികുതി വരുമാനമെ സംസ്ഥാനത്തിന് ലഭിക്കൂ. ഈ സാഹചര്യത്തില്‍ ആളോഹരി വരുമാനത്തിന് നല്‍കിയിരിക്കുന്ന വെയിറ്റേജ് 45 ശതമാനം എന്നത് 25 ശതമാനമാക്കി കുറയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യുഡിഎഫ് തയാറാക്കിയ നിര്‍ദ്ദേശങ്ങള്‍ പതിനാറാം ധനകാര്യ കമ്മിഷന്‍റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി കേരളത്തിലേക്കുള്ള ധനകാര്യ കമീഷന്‍റെ നികുതി വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുന്‍ ധനകാര്യ കമ്മീഷനില്‍ 2.5 ശതമാനം ഉണ്ടായിരുന്ന നികുതി വിഹിതം 15ാം ധനകാര്യ കമ്മീഷന്‍ വന്നപ്പോള്‍ 1.9 ശതമാനമായി കുറഞ്ഞത് കമീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുകൂടാതെ ദേശീയ, സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളും കമീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതായും സതീശന്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് റവന്യൂ ചെലവ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ 55000 കോടി രൂപയാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റായി നല്‍കിയിട്ടുള്ളത്. ഈ ഗ്രാന്‍റ് പതിനാറാം ധനകാര്യ കമ്മിഷനും തുടരണമെന്നും വി.ഡി. ആവശ്യപ്പെട്ടു.
ഗവേഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും കൂടുതല്‍ പണം നല്‍കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഗ്രാന്‍റ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പഠനത്തിനു ശേഷം യുഡിഎഫ് തയാറാക്കിയ നിര്‍ദ്ദേശങ്ങളാണ് ധനകാര്യ കമ്മിഷന് സമര്‍പ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.