തിരുവനന്തപുരം: ഗോഡ്സെയുടെ പിന്തുടര്‍ച്ചാക്കാരാണ് മാധ്യമങ്ങളില്‍ ഇരുന്ന് രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒന്നിനും കീഴടങ്ങാതെ വര്‍ഗീയതയക്കും ഫിഷിസത്തിനും എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ദേഹത്ത് മണ്ണ് വാരിയിടാന്‍ പോലും ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ ബിജെപി പ്രതിനിധി ഉയര്‍ത്തിയ വധഭീഷണിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയെ അവസാനിപ്പിക്കണമെന്നത് ഇവരുടെയൊക്കെ ആഗ്രഹമാണ്. ഒരുപാട് പ്രതിസന്ധികളെ നേരിട്ട് വളര്‍ന്നു വന്ന നേതാവാണ് രാഹുല്‍ ഗാന്ധി. പിതൃമാതാവിന്റെയും പിതാവിന്റെയും കൊലപാതകങ്ങള്‍ കണ്ട് കടന്നു വന്ന രാഹുല്‍ ഗാന്ധിയെ ഒരു വാക്കു കൊണ്ടും ഭയപ്പെടുത്താനാകില്ല. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട തറയ്ക്കുമെന്ന് പറഞ്ഞയാള്‍ക്കെതിരെ കേരളത്തിലെ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ബി.ജെ.പിയുമായി പിണറായി സര്‍ക്കാര്‍ സന്ധി ചെയ്തതാണ് ഇതിനു കാരണം.
സര്‍ക്കാരിന്റെ കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി സഹകരിക്കില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവുമില്ല. യു.ഡി.എഫ് എടുത്തിരിക്കുന്നത് ഉറച്ച മതേതര നിലപാടാണ്. ഞങ്ങള്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരാണ്. യു.ഡി.എഫിന് പ്രീണന നയമില്ല. എന്നാല്‍ കേരളത്തിലെ സി.പി.എം പ്രീണന നയവുമായി പോകുകയാണ്. നേരത്തെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചിരുന്ന സി.പി.എം ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. യു.ഡി.എഫ് ഈ രണ്ടു വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കില്ല. ഉറച്ച മതേതര നിലപാടുമായി യു.ഡി.എഫ് മുന്നോട്ടു പോകും.
സ്വന്തമായി നിലപാടെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം എന്‍.എസ്.എസിനുണ്ട്. അവരുടെ നിലപാടിനെതിരെ പരാതിയോ ആക്ഷേപമോ ആരോപണമോ ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചില സംഘടനകള്‍ സംഗമത്തില്‍ പങ്കെടുത്തു. യോഗ ക്ഷേമസഭയും ബ്രാഹ്‌മണസഭയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തില്ല. അതൊക്കെ ഓരോ സംഘടനകളുടെയും തീരുമാനമാണ്. എന്‍.എസ്.എസ് എന്ത് തീരുമാനം എടുക്കണമെന്ന് ഞങ്ങളല്ലല്ലോ പറയേണ്ടത്. ഇതിന് മുന്‍പ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി നവോത്ഥാന സമിതിയുടെ അധ്യക്ഷ പദവിയിലായിരുന്നു. അന്ന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്നതായിരുന്നു അവരുടെ നിലപാട്. ഇപ്പോള്‍ മാറ്റി. ആകാശം ഇടിഞ്ഞു വീണാലും സുപ്രീംകോടതി വിധിക്കൊപ്പം നില്‍ക്കുമെന്നാണ് പിണറായി വിജയന്‍ അന്ന് പറഞ്ഞത്. നവോത്ഥാന ചിന്തയില്‍ ഒരു തരത്തിലും മാറ്റമുണ്ടാകില്ലെന്നും പറഞ്ഞും. ഇപ്പോള്‍ എങ്ങോട്ടാണ് മാറിയിരിക്കുന്നത്. മാറിയത് ഞങ്ങളല്ല. ഞങ്ങള്‍ അന്നും ഇന്നും അയ്യപ്പ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ഒപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ യു.ഡി.എഫ് എടുത്തത് രാഷ്ട്രീയ തീരുമാനമാണ്. അതില്‍ ഒരു മാറ്റവുമില്ല. എന്‍.എസ്.എസിന്റെയും എന്‍.എന്‍.ഡി.പിയുടെയും തീരുമാനത്തില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ഒരു വിഷയത്തില്‍ ഇഷ്ടമുള്ള തീരുമാനം അവര്‍ക്ക് എടുക്കാം. അതില്‍ എന്ത് തെറ്റാണുള്ളത്? അത് എങ്ങനെയാണ് ഞങ്ങളെ ബാധിക്കുന്നത്?
ഞങ്ങളുടെ രാഷ്ട്രീയ തീരുമാനം തിരുത്താനോ മാറ്റാനോ ഒരു ശക്തിക്കും സാധിക്കില്ല. ഞങ്ങള്‍ക്ക് ഒരു അഭിപ്രായമുണ്ട്. അത്തരമൊരു അഭിപ്രായം ഞങ്ങള്‍ക്കില്ല. കേരളത്തിലെ സി.പി.എം തീവ്രവലതുപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. എല്ലാ മതങ്ങളുടെയും ജാതികളുടെയും പിന്നാലെ നടക്കുന്ന പാര്‍ട്ടിയായി സി.പി.എം അധപതിച്ചു. ഞങ്ങള്‍ എന്തിനാണ് അതിന് പിന്നാലെ പോകുന്നത്? ഞങ്ങള്‍ പോകില്ല. ഞങ്ങള്‍ക്ക് നിലപാടാണ് പ്രധാനം. അമൃതാനന്ദമയിയുടെ അടുത്ത് പോയതിലൊന്നും ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷെ കപട ഭക്തിയുമായി നടത്തിയ അയ്യപ്പസംഗമം ഏഴു നിലയില്‍ പൊട്ടിപ്പോയി. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് മന്ത്രിമാരെല്ലാം പുളകിതരായത് മാത്രമാണ് പിണറായിക്ക് ആകെ സന്തോഷമായത്. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി മാറിയെന്നതാണ് അയ്യപ്പ സംഗമത്തിന്റെ പരിണിതഫലം. മറ്റു മതങ്ങളെ കുറിച്ച് വിദ്വേഷം പറയുന്ന ആളുകളെ എഴുന്നള്ളിച്ച് കൊണ്ടു വന്ന് പിണറായി സ്വയം പരിഹാസ്യനായി. അതിനൊപ്പം ഞങ്ങള്‍ ഇല്ലായിരുന്നു എന്നത് വലിയ ആശ്വസമാണ്. അതിനൊപ്പം പോയി ഇരുന്നിരുന്നെങ്കില്‍ ഞങ്ങളും പരിഹാസകഥാപാത്രങ്ങളായേനെ. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കുമ്പോള്‍ ഞാനെങ്ങാനും സ്റ്റേജില്‍ ഉണ്ടായിരുന്നെങ്കിലെന്ന അവസ്ഥ ചിന്തിക്കാനാകില്ല