
വിശ്വാസ സമൂഹത്തിനുണ്ടായ വേദന പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പ് ഫലം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷ്ടിച്ച് വിശ്വാസങ്ങളെ വെല്ലുവിളിച്ച സര്‍ക്കാരാണിത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടും അതിലെ ഉദ്യോഗസ്ഥരുടെ കൈകള്‍ ഈ സര്‍ക്കാര്‍ ബന്ധിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തെ പോലും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായി. അനഭിമതനായ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ ശ്രമം സര്‍ക്കാരിന്റെ ഇടപെടലിന് തെളിവാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശബരിമലയിലെ യുവതി പ്രവേശനം പോലെ ഇപ്പോഴും വിശ്വാസത്തെ വെല്ലുവിളിക്കുകയാണ് സര്‍ക്കാരെന്നും വേണുഗോപാല്‍ പറഞ്ഞു.
തട്ടിപ്പ് നടത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കോണ്‍ക്ലേവുകളും പി.ആര്. പരസ്യങ്ങളും അതു മറയ്ക്കാനുള്ള വ്യായാമങ്ങളാണെന്നും അതിലൊന്നും കേരള ജനത വീഴില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം യുഡിഎഫിനുണ്ടാകും. യുഡിഎഫിന്റെ മുന്നേറ്റമുണ്ടാകും. കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ പിണറായി ഭരണം അവസാനിപ്പിക്കാനുള്ള അവരസമായിട്ടാണ് ജനം തിരഞ്ഞെടുപ്പിനെ കാണുന്നത്.കഴിഞ്ഞ എല്ലാ ഉപതിരഞ്ഞെടുപ്പിലും ജനം സര്‍ക്കാരിനെതിരായാണ് വിധിയെഴുതിയത്. വരാന്‍ ഇരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ നാന്ദിയായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം. തര്‍ക്കരഹിതമായിട്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുകച്ചവടമില്ല. ആ പണിചെയ്യുന്നത് സിപിഎമ്മും ബിജെപിയുമാണ്. ബിജെപിയെ സഹായിക്കാനുള്ള സിപിഎമ്മിന്റെ ഒത്തുതീര്‍പ്പുകളാണ് കേരളത്തില്‍ നടക്കുന്നത്. അതിനാലാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്താത്തത്. എല്‍ഡിഎഫിനാണ് അവിശുദ്ധ കൂട്ടുകെട്ടുള്ളതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.