V D Satheesan | തെരഞ്ഞെടുപ്പിനെ നേരിടുന്നത് ടീം യുഡിഎഫ് : വി ഡി സതീശന്‍

Jaihind News Bureau
Monday, November 10, 2025

 

കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടീം യുഡിഎഫ് ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്  യുഡിഎഫ് സജ്ജമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വളരെ മുന്‍പെ തന്നെ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ ജനദ്രോഹ സര്‍ക്കാര്‍ ആണെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചതായി വി ഡി സതീശന്‍ പറഞ്ഞു. കേരളം മുഴുവനും തകര്‍ന്ന് തരിപ്പണമായി. സമ്പത്ത് വ്യവസ്ഥ പാടെ തകര്‍ന്നു. പൊതുവിപണിയിലെ വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ള ജനങ്ങളെയാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇതില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ട്. സിപിഎം നിയോഗിച്ച മൂന്ന് പ്രസിഡന്റുമാര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കാര്‍ഷിക മേഖല മുഴുവന്‍ പ്രതിസന്ധിയിലാണ്. കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല് ഏറ്റെടുക്കാന്‍ ആരുമില്ലാതെ പാടശേഖരങ്ങളില്‍ തന്നെ കിടക്കുകയാണ്. ലഹരി മരുന്നിന്റെ ഹബ്ബായി കേരളം മാറി. ഈ ഭരണത്തില്‍ ആരോഗ്യകേരളം വെന്റിലേറ്ററില്‍ ആണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗണ്യമായി രോഗികളുടെ എണ്ണം കുറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയായെന്നും അദ്ദേഹം പറഞ്ഞു