
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ചരിത്രപരമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറവൂര്‍ കേസരി കോളേജില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വിജയത്തിന് പ്രധാനമായി രണ്ട് കാരണങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ പ്രധാന ഘടകം സര്‍ക്കാരിനെതിരായ അതിശക്തമായ ജനവികാരമാണ്. ഇതിനൊപ്പം ശബരിമലയിലെ സ്വര്‍ണമോഷണ വിവാദം യു.ഡി.എഫ്. ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിന്റെ ശ്രീകോവിലില്‍ നടന്ന സ്വര്‍ണമോഷണത്തില്‍ ഉന്നതരായ സി.പി.എം. നേതാക്കള്‍ പങ്കാളികളാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകളില്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മിനും സര്‍ക്കാരിനുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ ചില ഉന്നതരായ നേതാക്കളിലേക്ക് കൂടി എത്തേണ്ടതായിരുന്നു. എന്നാല്‍, എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അതിശക്തമായ സമ്മര്‍ദ്ദമുണ്ടായി എന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കൃത്യമായ ബദല്‍ പരിപാടികളുണ്ടെന്നും, ഇത് ജനങ്ങള്‍ക്കിടയില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. പതിവിലുമധികം മുന്നൊരുക്കങ്ങള്‍ യു.ഡി.എഫ്. നടത്തിയിരുന്നു. ടീം യു.ഡി.എഫ്. ആയിട്ടാണ് മത്സരരംഗത്തുള്ളത്. ഈ സംഘടിത ശക്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.