
ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവൻകുട്ടിയും സമനില തെറ്റിയവരെപ്പോലെയാണ് സഭയിൽ പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സ്വർണ്ണക്കൊള്ള കേസിൽ മൂന്ന് സി.പി.എം നേതാക്കൾ ജയിലിലായിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സഭയ്ക്കുള്ളിലെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസ്സപ്പെടുകയും സഭ ചൊവ്വാഴ്ചത്തേക്ക് പിരിയുകയും ചെയ്തു.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് കവർച്ചയിൽ വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിൽ നിന്ന് അന്വേഷണ ഏജൻസികളെ തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും സതീശൻ ആരോപിച്ചു. കൂടുതൽ ഉന്നത നേതാക്കളുടെ പേര് വെളിപ്പെടുമെന്ന ഭയമാണ് സി.പി.എമ്മിനെ നടപടികളിൽ നിന്ന് പിന്നോട്ടുവലിക്കുന്നത്. ഭരണപക്ഷം തന്നെ സഭ തടസ്സപ്പെടുത്തുന്ന അസാധാരണ കാഴ്ചയാണ് ഇന്ന് കണ്ടതെന്നും, വരാനിരിക്കുന്ന അഞ്ച് വർഷം പ്രതിപക്ഷത്തിരിക്കേണ്ടി വരുമ്പോൾ എങ്ങനെ പ്രതിഷേധിക്കണം എന്നതിന്റെ ‘റിഹേഴ്സൽ’ ആകാം ഭരണപക്ഷം ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിക്കൊപ്പം ചിത്രം എടുത്തതുകൊണ്ട് മാത്രം ആരും കുറ്റവാളിയാകില്ലെന്നും എന്നാൽ കുറ്റവാളികളെ സംരക്ഷിക്കുമ്പോഴാണ് മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുന്നതെന്നും സതീശൻ ഓർമ്മിപ്പിച്ചു. നിയമസഭ തല്ലിപ്പൊളിച്ച ചരിത്രമുള്ള സി.പി.എമ്മുകാരും സഭാ മര്യാദയെക്കുറിച്ച് ക്ലാസെടുക്കുന്ന വി. ശിവൻകുട്ടിയും യു.ഡി.എഫിനെ ജനാധിപത്യം പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ തുറന്നടിച്ചു.