V D SATHEESAN | പതിനാറു മരണം!! മസ്തിഷ്‌ക ജ്വരം വ്യാപിച്ചിട്ടും എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ല; എന്തിനാണ് ഇങ്ങനെയൊരു ആരോഗ്യ വകുപ്പ്?

Jaihind News Bureau
Friday, September 12, 2025

ആരോഗ്യവകുപ്പിന് രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന് ഭീതിയായി വളരുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരേ ഒന്നും ചെയ്യാന്‍ കഴിയാതിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യവകുപ്പ് . ഈ നിഷ്‌ക്രിയത്വത്തെയാണ് പ്രതിപക്ഷ നേതാവ് നിശിതമായി വിമര്‍ശിക്കുന്നത്.

ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ട്. നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് ഒന്നും ചെയ്യുന്നില്ല. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിച്ചിട്ടും എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എത്ര പേര്‍ മരിച്ചെന്നു പോലും സര്‍ക്കാരിനറിയില്ല. എന്താണ് രോഗകാരണമെന്നോ എങ്ങനെയാണ് പകരുന്നതെന്നോ അറിയില്ല. പതിനാറു പേരാണ് മരിച്ചത്. എന്തിനാണ് ഇങ്ങനെയൊരു ആരോഗ്യ വകുപ്പ്? ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ഇത്രയും ആളുകള്‍ മരിച്ചിട്ടും ബോധവത്ക്കരണം പോലും നടത്തുന്നില്ല. ജനങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണ്. ഈ സര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നത്? അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളുടെ സംശയങ്ങള്‍ പരിഹരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് ജനങ്ങളെ രക്ഷിക്കണം. ഇത് സര്‍ക്കാരിന്റെ ജോലിയാണ്. എന്നാല്‍ അതു ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പത്താം വര്‍ഷമായപ്പോള്‍ സര്‍ക്കാര്‍ പാനിക് അവസ്ഥയിലാണ്. തിരഞ്ഞെടുപ്പിലെ വലിയ തോല്‍വി അവരെ തുറിച്ചു നോക്കുകയാണ്. നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തും. അതുകൊണ്ടാണ് ഇതുവരെ ആലോചിക്കാത്ത കാര്യങ്ങള്‍ പത്താമത്തെ വര്‍ഷം തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പനോട് ഭക്തി തോന്നുന്നത്. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മറ്റൊരു സംഗമം. ഇത് എന്ത് പാര്‍ട്ടിയും സര്‍ക്കാരുമാണ്? അങ്ങനെയെങ്കില്‍ എല്ലാ മതങ്ങളുടെയും ജാതികളുടെയും ഉപജാതികളുടെയും സംഗമം സര്‍ക്കാര്‍ നടത്തട്ടെ. സര്‍ക്കാര്‍ എന്താണ് ഇതിലൂടെയൊക്കെ ഉദ്ദേശിക്കുന്നത്. ഒന്നും ചെയ്യാനില്ലാത്ത സമയത്താണ് സെമിനാറുകളും കോണ്‍ക്ലേവുകളും നടത്തുന്നത്. യു.ഡി.എഫ് ആരോഗ്യ- ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചത് ഞങ്ങള്‍ അധികാരത്തിലേക്ക് തിരിച്ചു വരുമ്പോള്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സ്ഥലത്തൊക്കെ ഞങ്ങള്‍ എന്തുചെയ്യുമെന്ന് ജനങ്ങളോട് പറയുന്നതിനു വേണ്ടിയാണ്. സര്‍ക്കാര്‍ അവരുടെ അവസാന സമയത്ത് സംഗമങ്ങള്‍ നടത്തുന്നത് അവരുടെ പരാജയം വിലയിരുത്തുന്നതിനു വേണ്ടിയാണോ? അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമവും സംഘടിപ്പിച്ച് ഇങ്ങനെ തമാശയാക്കരുത്. ഭരണം എന്നത് വളരെ ഉത്തരവാദിത്തമുള്ളതാണ്. അവസാനം പിണറായി വിജയനും കൂട്ടരും ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസപാത്രങ്ങളാകരുത്.

സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുടെ പ്രവാഹമാണ്. കുന്നംകുളത്ത് തുടങ്ങി എല്ലാ ജില്ലകളിലും പൊലീസ് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനമായി അടൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ പൊലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മരണകാരണമായ മര്‍ദ്ദനമുണ്ടായെന്നാണ് കുടുംബം പരാതിപ്പെട്ടിരിക്കുന്നത്. അയാള്‍ക്കൊപ്പം വന്ന സ്ത്രീയെ പോലും ക്രൂരമായി ചവിട്ടി. ഡി.വൈ.എഫ്.ഐ നേതാവിനെ പോലും സ്റ്റേഷനിലിട്ട് തല്ലിക്കൊല്ലുന്ന പൊലീസാണ് കേരളത്തിലുള്ളതെങ്കില്‍ പിണറായി വിജയനോട് പറയാനുള്ളത് ദയവുചെയ്ത് നിങ്ങള്‍ ആ സ്ഥാനത്ത് ഇരിക്കരുതെന്നാണ്. നിങ്ങള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. നിരപരാധികളായ മനുഷ്യരെ പൊലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയാണ്. റഷ്യയില്‍ സ്റ്റാലിന്റെ കാലത്ത് രാഷ്ട്രീയ എതിരാളികളെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്ന ഗുലാഗുകളുണ്ടായിരുന്നു. അഭിനവ സ്റ്റാലിന്‍ കേരളം ഭരിക്കുന്ന കാലത്ത് ഗുലാഗുകള്‍ക്ക് സമാനമായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ മാറ്റിയിരിക്കുകയാണ്. പാര്‍ട്ടിക്കാര്‍ നടത്തിയ തട്ടിപ്പ് പുറത്താകുമെന്ന് വന്നപ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കള്ളക്കേസില്‍ കുടുക്കി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്.എച്ച്.ഒയെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത് മരണ കാരണമായെന്നാണ് കുടുംബം പറയുന്നത്. പരാതി നല്‍കിയിട്ടു പോലും പാര്‍ട്ടിക്കാര്‍ മുക്കി. പത്തനംതിട്ട ജില്ലയില്‍ ക്രിമിനലുകളാണ് പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത്. ഇതിലൊന്നും ഒരു നടപടിയും എടുക്കാതെ മുഖ്യമന്ത്രി മൗനത്തിന്റെ വാത്മീകത്തില്‍ ഒളിച്ചിരിക്കുകയാണ്. എന്നിട്ട് മറ്റുള്ളവരാണ് മറുപടി പറയുന്നത്. പിണറായി വിജയനാണ് ആഭ്യന്തര വകുപ്പ് ഭരിക്കന്നതെങ്കില്‍ പിണറായി വിജയന്‍ തന്നെ മറുപടി പറയണം. നിങ്ങള്‍ കേരളത്തില്‍ സ്റ്റാലിന്‍ ചമയേണ്ട. ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണ്.

പൊലീസ് തലപ്പത്തും വടംവലിയാണ്. ഫോഴ്സിന്റെ ഹയറാര്‍ക്കി പൊലീസില്‍ പ്രവര്‍ത്തിക്കുന്നില്ല. അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പൊലീസ് പരാജയപ്പെടും. പൊലീസിനെ ഉപജാപകസംഘങ്ങള്‍ക്ക് മുഖ്യമന്ത്രി വിട്ടുകൊടുത്തിരിക്കുകയാണ്. എന്നിട്ട് അവര്‍ പറയുന്നതൊക്കെ ശരിയാണെന്ന് മുഖ്യമന്ത്രി കരുതുകയാണ്. ഉപജാപകസംഘമാണ് സ്‌കോട്ലന്‍ഡ് യാഡിനെ വെല്ലുന്ന കേരള പൊലീസിനെ സ്റ്റാലിന്റെ ഗുലാഗിലെ പൊലീസാക്കി മാറ്റിയത്.

സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും എന്തെങ്കിലും എഴുതുന്നതിന് മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. പാര്‍ട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. അത് കെ.പി.സി.സി അധ്യക്ഷന്‍ അറിയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെയും പാര്‍ട്ടിയുടെയും ഭാഗമല്ല. അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അച്ചടക്ക നടപടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ കെ.പി.സി.സി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാപരമായ കാര്യങ്ങള്‍ എല്ലാവരുമായും ആലോചിച്ച് കെ.പി.സി.സി പ്രസിഡന്റ് തീരുമാനം പ്രഖ്യാപിക്കും.