‘പയ്യന്നൂരില്‍ ഗാന്ധി പ്രതിമ സി.പി.എം തകര്‍ത്തത് ആരെ സന്തോഷിപ്പിക്കാന്‍’? ജനം പരാജയപ്പെടുത്തിയിട്ടും തീവ്രവാദ സംഘടനയായി സി.പി.എം അധഃപതിച്ചുവെന്ന് വി. ഡി സതീശന്‍

Jaihind News Bureau
Sunday, December 14, 2025

മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും നാട്ടില്‍ സി.പി.എം ഗാന്ധി നിന്ദ നടത്തിയത് ആരെ സന്തോഷിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും സംസ്ഥാനത്താകെ അക്രമം നടത്തുന്നത് എന്തിനു വേണ്ടിയാണ്? സമൂഹത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തുകയും രാജ്യത്തിന്റെ ചരിത്രത്തെ തള്ളിപ്പറഞ്ഞ് ഗാന്ധി നിന്ദ നടത്തുകയും ചെയ്യുന്ന സംഘ്പരിവാറിന്റെ അതേ പണിയാണ് സി.പി.എമ്മും കേരളത്തില്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം അമ്പേ പരാജയപ്പെടുത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും നാട്ടിലെ സി.പി.എം ക്രിമിനലുകള്‍ യു.ഡി.എഫ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടരുകയാണ്. പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അടിച്ചു തകര്‍ത്തു. ഗാന്ധി പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ത്തു. പയ്യന്നൂര്‍ നഗരസഭ 44-ാം വാര്‍ഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. നഗരസഭ ഒന്‍പതാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ സുരേഷിന്റെ വീടിന് നേരെ ബോംബ് എറിയുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തെളിവുകളുണ്ടായിട്ടും ക്രിമിനലുകള്‍ക്കെതിരെ എന്ത് നടപടി എടുത്തെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

പാനൂര്‍ നഗരസഭയിലെ ദയനീയ പരാജയത്തിന് ശേഷവും യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു. ബോംബും വടിവാളുകളുമായി പ്രകടനം നടത്തുന്ന തീവ്രവാദ സംഘടനയായി കണ്ണൂരിലെ സി.പി.എം അധഃപതിച്ചു. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലും ആക്രമണമുണ്ടായി. വടകര ഏറാമലയിലെയും തുരുത്തിമുക്കിലെയും കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചു. ഇന്ദിരാഗാന്ധി പ്രതിമ ബോംബെറിഞ്ഞ് തകര്‍ത്തു. കാസര്‍കോട് ബേഡകത്ത് കോണ്‍ഗ്രസുകാരെയും അക്രമം തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചു. ബത്തേരിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു.

സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനല്‍ സംഘത്തെ അടക്കി നിര്‍ത്താനുള്ള ബാധ്യത ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഉണ്ടെന്നത് പിണറായി വിജയന്‍ മറക്കരുത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ക്രിമിനലുകള്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണം. ഞങ്ങളുടെ പ്രവര്‍ത്തകരെ ഞങ്ങള്‍ക്ക് സംരക്ഷിച്ചേ മതിയാകൂ. ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ ഇനിയെങ്കിലും തയാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.