‘അറസ്റ്റിലായ കച്ചവടക്കാരല്ല സ്വര്‍ണക്കൊള്ളയിലെ ഉന്നതര്‍’; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്നും വി.ഡി സതീശന്‍

Jaihind News Bureau
Friday, December 19, 2025

കോടതി ഉത്തരവ് യുഡിഎഫ് ആരോപണം ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്കുമേല്‍ സമ്മര്‍ദ്ദം ചെല്ലുത്തി എന്നാണ് യുഡിഎഫ് ആരോപിച്ചത്. അത് കോടതി അടിവരയിട്ടിരിക്കുന്നു. ഇ.ഡിയുടെ വരവ് സര്‍ക്കാരിനെ സഹായിക്കാനാണോ എന്ന് അറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

30 വര്‍ഷത്തെ ചരിത്ര പരിശോധിച്ചാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ കിട്ടുക എന്നത് അത്ര എളുപ്പമല്ല. ഇത്തവണ മേല്‍ക്കൈ ഉണ്ടാക്കാനായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 മുതല്‍ 47 ശതമാനം വോട്ട് നേടും. 47 ശതമാനമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.സി.പി.എമ്മിനെ തോല്‍പ്പിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്തുകയാണ് ശ്രമകരം. തോറ്റത് ഇപ്പോഴും മനസിലായിട്ടില്ല. ശ്രീനിവാസനും ശങ്കരാടിയും തമ്മിലുള്ള താത്വിക വിശകലനം എത്ര ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ശ്രീനിവാസനെ സല്യൂട്ട് ചെയ്യണമെന്ന് തോന്നിപ്പോകും. സന്ദേശം സിനിമ ഇപ്പോഴാണ് ഇറങ്ങിയിരുന്നതെങ്കില്‍ പാരഡി ഗാനം പോലെ അതും നിരോധിച്ചേനെയെന്നും അദ്ദേഹം പരിഹസിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പ്രതിക്കൂട്ടില്‍ ആകുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയത്. എസ്‌ഐടിയില്‍ ഇപ്പോഴും അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. അവര്‍ക്ക് കൃത്യമായി അന്വേഷിക്കാന്‍ കഴിയും. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടാകരുത്. അന്വേഷണത്തിന്റെ വേഗത കുറഞ്ഞതിന്റെ കാരണം എന്താണെന്ന് വ്യക്തമായി. അന്തര്‍ സംസ്ഥാന സംഘം ഉള്‍പ്പെട്ട വിഷയമാണ്. അതുകൊണ്ട് ഇ.ഡി അന്വേഷിക്കുന്നതില്‍ കുഴപ്പമില്ല. അതവരില്‍ വിശ്വാസം ഒന്നുമുണ്ടായിട്ടല്ലെന്നും അവര്‍ അന്വേഷിക്കരുതെന്ന് പറയാന്‍ കഴിയില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.