തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് നിയമസഭയില്‍ കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിനു ശേഷം വിമർശനങ്ങള്‍ക്ക് വഴിവയ്ക്കുന്നതായിരുന്നു പിണറായി സർക്കാരിന്‍റെ പ്രഖ്യാപനങ്ങള്‍.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കടുത്ത വിമർശനമാണ് സർക്കാരിന് എതിരെ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക അവസ്ഥയ്ക്ക് അനുസൃതമായ ഒരു ബജറ്റായിരുന്നില്ലെന്നും, ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പൊള്ളയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“പ്ലാൻ ബി യുടെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത്. സ്കോളർഷിപ്പുകൾ പോലും കുറച്ചിരിക്കുകയാണ്. സർക്കാർ നിർവഹണത്തിനാവശ്യമായ പണമില്ലാതെയാണ് ഈ ധനനയം അവതരിപ്പിക്കുന്നത്. ഇത് യഥാർത്ഥമായ ബജറ്റല്ല. ബജറ്റ് ഓർഡർ പോലും പാലിക്കാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്,” എന്ന് വി.ഡി സതീശൻ ആരോപിച്ചു.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് സമർപ്പിക്കാത്തതിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിയമപ്രകാരം, ബജറ്റിനായി ഒരു ദിവസത്തിനുമുമ്പ് സാമ്പത്തിക അവലോകനം നൽകേണ്ടതായിരുന്നു. എന്നാൽ, ഇത് പോലും അവഗണിച്ചു കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.