ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ അദ്ദേഹം പുഷ്പചക്രം സമര്‍പ്പിച്ച് ആദരം അറിയിച്ചു. എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ തുടങ്ങിയവരും അന്ത്യാഞ്്ജലി അര്‍പ്പിച്ചു. രാഷ്ട്രീയത്തിനതീതമായ ആദരസൂചകമായി പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യം.
അതേസമയം, ജനനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആലപ്പുഴയിലേക്ക് ജനസാഗരം ഒഴുകിയെത്തുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറുകള്‍ പിന്നിട്ടാണ് ഇന്ന് ഉച്ചയ്ക്ക് 12.20-ഓടെ ആലപ്പുഴ പറവൂരിലെ ‘വേലിക്കകത്ത്’ വീട്ടിലെത്തിയത്. വഴിനീളെ ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനിന്നത്.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുഷ്പചക്രം അര്‍പ്പിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ബീച്ച് റിക്രിയേഷന്‍ മൈതാനത്ത് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വലിയ ചുടുകാട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. അഭൂതപൂര്‍വമായ ജനത്തിരക്ക് കാരണം സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചതിലും വൈകാന്‍ സാധ്യതയുണ്ട്.