ഐസിയുവില്‍ സ്ത്രീയെ പീഡിപ്പിച്ചവര്‍ക്കൊപ്പം നില്‍ക്കുന്ന നാണംകെട്ട സര്‍ക്കാരാണിത്; വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ആരോഗ്യമന്ത്രിയും ഒരു സ്ത്രീയല്ലേ? : വി.ഡി.സതീശന്‍

Jaihind Webdesk
Friday, April 5, 2024

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജറിക്ക് വിധേയയായ സ്ത്രീയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതിജീവിതയെ സിപിഎം സംഘടനയില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെതിരെ നഴ്‌സിങ് ജീവനക്കാരിയായ അനിത പരാതി നല്‍കി. ഈ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം നിന്നതിനും ഭീഷണിപ്പെടുത്തിയവരുടെ പേര് പുറത്ത് പറഞ്ഞതിനും അനിതയെ സ്ഥലം മാറ്റി. ഏപ്രില്‍ ഒന്നിന് പുനര്‍നിയമനം നല്‍കണമെന്ന ഉത്തരവുമായി അനിത ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ കാത്തിരിക്കുകയാണ്.

കേരളത്തില്‍ ഒരു ആരോഗ്യമന്ത്രിയില്ലേ? അവരും ഒരു സ്ത്രീയല്ലേ? ഐസിയുവില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരുടെ പേര് പുറത്ത് പറഞ്ഞതിന്‍റെ പേരില്‍ ജീവനക്കാരിയെ നിരന്തരമായി സ്ഥലം മാറ്റുകയും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമനം നല്‍കില്ലെന്നും പറയാന്‍ നാണംകെട്ട ഈ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഈ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്? ഐസിയുവില്‍ കിടന്ന സ്ത്രീയെ പീഡിപ്പിച്ചവര്‍ക്കൊപ്പമാണോ ഈ സര്‍ക്കാരും ആരോഗ്യമന്ത്രിയും? സ്ത്രീകള്‍ക്ക് പോലും അപമാനമാണ്. കുറ്റവാളികളായ എന്‍ജിഒ യൂണിയന്‍കാരെ സംരക്ഷിക്കുകയാണ്. പാര്‍ട്ടിക്കാര്‍ എന്ത് തോന്ന്യവാസം കാണിച്ചാലും സംരക്ഷിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്ത് തെറ്റാണ് നഴ്‌സിങ് സ്റ്റാഫ് ചെയ്തത്? മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് ഭീഷണിപ്പെടുത്തിയവരുടെ ലിസ്റ്റ് നല്‍കിയതിനാണ് അവരെ പീഡിപ്പിക്കുന്നത്. ഈ നാട്ടില്‍ ആരാണ് ഇര, ആരാണ് വേട്ടക്കാര്‍ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. ഇത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.