കൊച്ചി: ആരോപണ വിധേയരെ പ്രതിപക്ഷ നേതാവ് സംരക്ഷിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ‘പ്രത്യേക ഉപദേശത്തിന്’ നന്ദിയെന്ന് പരിഹസിച്ച സതീശന്‍, ലൈംഗികാപവാദക്കേസുകളില്‍പ്പെട്ട സ്വന്തം സഹപ്രവര്‍ത്തകരെയും നേതാക്കളെയും സംരക്ഷിക്കുന്ന പിണറായിയെപ്പോലെ മറ്റൊരാള്‍ ഇന്ത്യയില്‍ ഉണ്ടാകില്ലെന്നും തുറന്നടിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നിലവില്‍ പരാതിയോ എഫ്‌ഐആറോ കേസുകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സതീശന്‍, ധാര്‍മികതയും സ്ത്രീത്വത്തോടുള്ള ബഹുമാനവും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ നടപടിയെടുത്തതെന്നും വ്യക്തമാക്കി. തനിക്കെതിരെ മുഖ്യമന്ത്രി ഒരു വിരല്‍ ചൂണ്ടുമ്പോള്‍, നാല് വിരലുകള്‍ അദ്ദേഹത്തിന്റെ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.
‘ലൈംഗിക അപവാദക്കേസില്‍പ്പെട്ട രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും ആരോപണവിധേയന്‍ മുഖ്യമന്ത്രിയുടെ അടുത്തയാളായി തുടരുകയും, പരാതി നല്‍കിയ നേതാവിനെ ഒതുക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയര്‍ത്തുന്ന ഒരു എംഎല്‍എ ബലാത്സംഗക്കേസില്‍ പ്രതിയാണ്. ആരാണ് അവരെ സംരക്ഷിക്കുന്നത്? പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംഭവമെന്നാണ് പാര്‍ട്ടി സെക്രട്ടറി ഇതിനെ വിശേഷിപ്പിച്ചത്. ആരാണ് അവര്‍ക്ക് സംരക്ഷണം നല്‍കിയിരിക്കുന്നത്?’ സതീശന്‍ ചോദ്യമുന്നയിച്ചു.
കഴിഞ്ഞ ദിവസം താന്‍ പരാമര്‍ശിച്ച ‘ഞെട്ടിക്കുന്ന വാര്‍ത്തയെ’ക്കുറിച്ചുള്ള ചോദ്യത്തിന്, ‘തിരക്ക് പിടിക്കണ്ട, ഒരുപാട് വാര്‍ത്തകള്‍ ഇനിയും വരും,’ എന്നായിരുന്നു സതീശന്റെ മറുപടി. ബിജെപി തങ്ങളുടെ ‘കാളയെ’ അഴിച്ചുവിടരുതെന്ന് താന്‍ പറഞ്ഞിരുന്നു എന്നും, ആ കാളയെ പാര്‍ട്ടി ഓഫീസിന്റെ മുന്നില്‍ കെട്ടണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു എന്നും സതീശന്‍ പരിഹാസരൂപേണ പറഞ്ഞു. ‘ഇപ്പോള്‍ കാളയെക്കൊണ്ട് ആവശ്യം വന്നല്ലോ. കാളയെ ഇനിയും ആവശ്യം വരും. സിപിഎമ്മും സൂക്ഷിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സതീശന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ‘അവതാരം’ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എവിടെയായിരുന്നു? വൈകുന്നേരമായാല്‍ അദ്ദേഹം എവിടെയായിരുന്നു? ആ അവതാരം എത്ര സിപിഎം നേതാക്കള്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്? ഒരു കേസ് എടുത്തോ? അവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തോ? ഒരു മുന്‍മന്ത്രിയുടെ വാട്ട്സാപ്പ് സന്ദേശം കറങ്ങിനടക്കുകയാണല്ലോ?’ സതീശന്‍ പരിഹസിച്ചു.
പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ മുഖ്യമന്ത്രി വരേണ്ടെന്നും, പോയി കണ്ണാടി നോക്കിയാല്‍ ചുറ്റും ആരാണെന്ന് മനസ്സിലാകുമെന്നും സതീശന്‍ പറഞ്ഞു.