
തിരുവനന്തപുരം: സംസ്ഥാനത്തെ വികസന രാഷ്ട്രീയത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് പുതിയ തലത്തിലേക്ക്. വികസന പദ്ധതികളെ പ്രതിപക്ഷം അന്ധമായി എതിര്‍ക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക്, ചരിത്രവും കണക്കുകളും നിരത്തി മറുപടി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിയുടെ ഓരോ ചോദ്യത്തിനും അക്കമിട്ട് മറുപടി നല്കിയ സതീശന്, ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെ പരസ്യമായൊരു സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഉന്നയിച്ച പന്ത്രണ്ടോളം ചോദ്യങ്ങള്‍, യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാനുള്ള രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, വിഴിഞ്ഞം, ഗെയില്‍, ദേശീയപാത, കമ്പ്യൂട്ടര്‍ വല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ സി.പി.എം മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചാണ് പ്രതിപക്ഷ നേതാവ് ഇതിനെ നേരിട്ടത്.
വിഴിഞ്ഞം: ക്രെഡിറ്റും പഴയ നിലപാടും
വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിപക്ഷം നിലപാടെടുത്തുവെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, പഴയ ‘6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം’ എന്ന ആരോപണം ഉയര്‍ത്തിയത് ആരാണെന്ന് വി.ഡി സതീശന് തിരിച്ചുചോദിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയെ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് തന്നെയായിരുന്നുവെന്നും, ഇപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ ക്രെഡിറ്റ് എടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൈഫ് മിഷനും ക്ഷേമ പെന്‍ഷനും
ലൈഫ് മിഷന് നിര്‍ത്തലാക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞെന്ന ആരോപണത്തെ സതീശന് തള്ളി. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ പദ്ധതികളിലൂടെ 4.5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും, ഇവയെല്ലാം സംയോജിപ്പിച്ച് ‘ലൈഫ്’ എന്ന് പേരിടുക മാത്രമാണ് എല്‍.ഡി.എഫ് ചെയ്തതെന്നും അദ്ദേഹം വാദിക്കുന്നു. ക്ഷേമ പെന്ഷന് മുടങ്ങാതെ കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുടിശിക തീര്‍ത്ത് വോട്ട് പിടിക്കാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കിഫ്ബിയും കടക്കെണിയും
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് കിഫ്ബിയെയാണ്. ബജറ്റിന് പുറത്ത് ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുക്കുന്ന കിഫ്ബി, സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നും മസാല ബോണ്ട് വഴി സാമ്പത്തിക മിസ് മാനേജ്മെന്റാണ് നടന്നതെന്നും സതീശന് മറുപടിയില്‍ പറയുന്നു. കിഫ്ബി വഴി പ്രഖ്യാപിച്ച പദ്ധതികളില്‍ ഭൂരിഭാഗവും നടപ്പായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ-റെയിലും പരിസ്ഥിതിയും
സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി ഉപേക്ഷിച്ചില്ലെന്ന സൂചന മുഖ്യമന്ത്രി നല്കുമ്പോള്, ജനങ്ങളുടെയും പരിസ്ഥിതിയുടെയും പക്ഷത്ത് നിന്ന് അതിനെ എതിര്‍ക്കുമെന്ന് തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ വയനാട് തുരങ്കപാതയും തീരദേശ ഹൈവേയും നടപ്പിലാക്കുന്നതിലെ വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി.
പി.ആര് വര്‍ക്കും ‘ക്യാപ്സ്യൂളും’
മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ പി.ആര് ഏജന്‍സികളുടെ ഇടപെടലുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ‘സി.പി.എം സൈബര്‍ ഗുണ്ടകള്‍ക്ക് വേണ്ടി എ.കെ.ജി സെന്ററില്‍ നിന്നും പടച്ചുവിടുന്ന ക്യാപ്സ്യൂളുകള് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വിതരണം ചെയ്യരുത്,’ എന്ന രൂക്ഷമായ ഭാഷയിലാണ് സതീശന് പ്രതികരിച്ചത്.
പരസ്യ സംവാദത്തിന് ക്ഷണം
ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയുള്ള ചോദ്യോത്തരങ്ങള്‍ക്കപ്പുറം, വിഷയങ്ങള്‍ മുഖാമുഖം ചര്‍ച്ച ചെയ്യാന്‍ തയ്യാറുണ്ടോ എന്ന വെല്ലുവിളിയാണ് വി.ഡി സതീശന് മുന്നോട്ട് വെക്കുന്നത്. ‘വികസന വിരുദ്ധത’ എന്ന ടാഗ് ലൈന്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സര്‍ക്കാരിന്റെ ‘ധൂര്‍ത്തും അഴിമതിയും’ ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
വയനാട് ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം, സഹകരണ മേഖലയിലെ പ്രതിസന്ധി, ക്ഷേമ പെന്ഷന് കുടിശിക തുടങ്ങിയ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് നല്കിയ ഈ വിശദമായ മറുപടി വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും. നേരിട്ടുള്ള സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.