ഉന്നാവോ സംഭവം പോലെയാണ് വണ്ടിപ്പെരിയാ‍റിൽ നടന്നത്; ആക്രമിക്കുന്നത് പോലീസ് നോക്കിനിൽക്കുകയാണെന്നും വി.ഡി സതീശൻ

Jaihind Webdesk
Saturday, January 6, 2024

കോഴിക്കോട്: ഉന്നാവോ സംഭവം പോലെയാണ് ഇടുക്കി വണ്ടിപ്പെരിയാ‍റിൽ ഉണ്ടായതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിയുടെ കുടുംബം ഭീഷണിപ്പെടുത്തുന്നതായി നേരത്തെ കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ആക്രമിക്കുന്നത് പോലീസ് നോക്കിനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിൻ്റേത് ഗൂഢാലോചനയാണ്. ഡിവൈഎഫ്ഐ കാരനായ പ്രതിയെ രക്ഷിക്കാനാണ് ഗൂഢാലോചന. ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്ര സംഭവമാണ് നടക്കുന്നത്. യു പിയിൽ പോലും നടക്കാത്ത കാര്യങ്ങളാണിതെന്നും തല കുനിച്ചു നിൽക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം എം എം മണിക്കെതിരെയും വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. ആളുകളെ ആക്ഷേപിക്കുന്നതിന് വേണ്ടി പിണറായി വിജയന്‍ എം.എം മണിയെ പോലുള്ളവരെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
സജി ചെറിയാനും എം.എം മണിയും എല്ലാവരെയും ആക്ഷേപിക്കും. തെറി അഭിഷേകത്തെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.