ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മദ്രസകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക ഇടപെടലുമായി പുഷ്‌കര്‍ സിംഗ് ധാമി സര്‍ക്കാര്‍. സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ എല്ലാ മദ്രസകളും അടുത്ത വര്‍ഷം ജൂലൈ ഒന്നിനകം ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേഷന്‍ നേടണമെന്ന അന്ത്യശാസനം നല്‍കി. ഈ സമയപരിധിക്കുള്ളില്‍ അഫിലിയേഷന്‍ നേടാത്ത മദ്രസകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ തീരുമാനം വരുന്നതിന് തൊട്ടുമുന്‍പായി, സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൊത്തത്തില്‍ പുനഃസംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന ബില്‍, 2025’ ന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഓഗസ്റ്റ് 19 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, നിലവില്‍ മുസ്ലിം സമുദായത്തിന് മാത്രം ലഭിച്ചിരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവി സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്‌സി സമുദായങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ലഭിക്കും. ഇതോടെ, ഈ സ്ഥാപനങ്ങള്‍ക്ക് ഗുരുമുഖി, പാലി തുടങ്ങിയ ഭാഷകള്‍ പഠിപ്പിക്കാനും അനുമതിയുണ്ടാകും.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
സംസ്ഥാനത്ത് ‘ഉത്തരാഖണ്ഡ് സ്റ്റേറ്റ് അതോറിറ്റി ഫോര്‍ മൈനോറിറ്റി എജുക്കേഷന്‍’ എന്ന പേരില്‍ ഒരു അതോറിറ്റി രൂപീകരിക്കും. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് ഈ അതോറിറ്റിയായിരിക്കും. എല്ലാ ന്യൂനപക്ഷ സമുദായങ്ങളും സ്ഥാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പദവി ലഭിക്കുന്നതിനായി അതോറിറ്റിയില്‍ നിന്ന് അംഗീകാരം നേടേണ്ടത് നിര്‍ബന്ധമാണ്. ഉത്തരാഖണ്ഡ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള നിലവാരമനുസരിച്ചാണ് ഈ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നതെന്ന് അതോറിറ്റി ഉറപ്പാക്കും. വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയത്തിലും ബോര്‍ഡിന്റെ ഇടപെടലും മേല്‍നോട്ടവും ഉണ്ടാകും.
ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, 2016-ലെ ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമവും, 2019-ലെ അറബിക്, പേര്‍ഷ്യന്‍ മദ്രസ അംഗീകാര ചട്ടങ്ങളും 2026 ജൂലൈ 1 മുതല്‍ റദ്ദാക്കപ്പെടും.
പുതിയ ബില്ലിന്റെ പശ്ചാത്തലത്തിലാണ് മദ്രസകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി അംഗീകാരം ലഭിക്കുന്നതിന്, മദ്രസകള്‍ ആദ്യം ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എജ്യുക്കേഷന്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കണം. അതിനുശേഷം മാത്രമേ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തിനായി ശ്രമിക്കാന്‍ സാധിക്കൂ.