Uttarakhand landslide | ഉത്തരാഖണ്ഡില്‍ മഴയുടെ സംഹാരതാണ്ഡവം: മേഘവിസ്‌ഫോടനത്തിലും ഉരുള്‍പൊട്ടലിലും 4 മരണം; 50-ലേറെ പേരെ കാണാനില്ല, ഗംഗോത്രി ഒറ്റപ്പെട്ടു

Jaihind News Bureau
Tuesday, August 5, 2025

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ വന്‍ ഉരുള്‍പൊട്ടലിലും കനത്ത നാശം. ധരാളി ഗ്രാമത്തിലുണ്ടായ ദുരന്തത്തില്‍ ഇതുവരെ അറിവായത് നാലു മരണങ്ങളാണ്. 50-ല്‍ അധികം പേരെ കാണാതായി. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാനാണിട. തീര്‍ത്ഥാടന കേന്ദ്രമായ ഗംഗോത്രി ധാമിലേക്കുള്ള എല്ലാ റോഡ് ബന്ധങ്ങളും പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. ദുരന്തത്തെ തുടര്‍ന്ന് സൈന്യം ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഹര്‍സില്‍ സൈനിക ക്യാമ്പിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പര്‍വതങ്ങളില്‍ നിന്ന് മണ്ണും പാറക്കഷ്ണങ്ങളും നിറഞ്ഞ മലവെള്ളപ്പാച്ചില്‍ ഗ്രാമത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. നിരവധി വീടുകളും ഹോട്ടലുകളും കടകളും കൃഷിയിടങ്ങളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗഢ് നദി കരകവിഞ്ഞൊഴുകി. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.

‘വീടുകളും ഹോട്ടലുകളും മുതല്‍ മാര്‍ക്കറ്റുകള്‍ വരെ എല്ലാം നശിച്ചു… ജീവിതത്തില്‍ ഇങ്ങനെയൊരു ദുരന്തത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടില്ല,’ ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. വിനോദസഞ്ചാരികള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, മലമുകളില്‍ നിന്ന് സര്‍വതും തകര്‍ത്തുകൊണ്ട് കുതിച്ചെത്തുന്ന മലവെള്ളപ്പാച്ചിലിന്റെ ഭീകരത വ്യക്തമാണ്.

യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം

ഉത്തരകാശി പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), കരസേന, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) എന്നിവയുടെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം നിലയുറപ്പിച്ചിരുന്ന കരസേനയാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. അവര്‍ കുറഞ്ഞത് 15 പേരെ രക്ഷപ്പെടുത്തി.

സംഭവം ‘അങ്ങേയറ്റം വേദനാജനകമാണ്’ എന്ന് വിശേഷിപ്പിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ 16 അംഗങ്ങളുള്ള ഐടിബിപി സംഘം ധരാളിയിലെത്തി. കൂടുതല്‍ എന്‍ഡിആര്‍എഫ്, ഐടിബിപി സംഘങ്ങളെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

റോഡുകള്‍ തകര്‍ന്നതും നിര്‍ത്താതെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. എങ്കിലും, കാണാതായവരെ കണ്ടെത്താനും ദുരിതബാധിതരെ സഹായിക്കാനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ചാര്‍ ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗംഗോത്രി ധാം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.

ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ വ്യാപക കാലവര്‍ഷക്കെടുതി

ഉത്തരകാശിയിലെ ദുരന്തം ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്ത മഴയുടെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. തലസ്ഥാനമായ ഡെറാഡൂണില്‍ നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഹരിദ്വാറില്‍ ഗംഗാ നദിയും മറ്റ് പലയിടങ്ങളില്‍ കാളി നദിയും അപകടനിരപ്പിന് മുകളിലാണ് ഒഴുകുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ ഹര്‍സിലിന് സമീപമുള്ള ധരാളിയിലെ അനിയന്ത്രിതമായ വാണിജ്യവല്‍ക്കരണം പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് സംവിധാനങ്ങളെ തടസ്സപ്പെടുത്തിയതാണ് വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും ഒരു പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അയല്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലും കാലവര്‍ഷം കനത്ത നാശം വിതയ്ക്കുകയാണ്. തിങ്കളാഴ്ച മാത്രം ഒരു ദേശീയ പാത ഉള്‍പ്പെടെ 310 റോഡുകള്‍ മഴയെത്തുടര്‍ന്ന് അടച്ചു. ഈ മണ്‍സൂണ്‍ കാലത്ത് ഹിമാചലില്‍ ഇതുവരെ 103 പേര്‍ മരിച്ചതായും 36 പേരെ കാണാതായതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.