UTHARAKHAND| ഉത്തരാഖണ്ഡ് മിന്നല്‍പ്രളയം: കുടുങ്ങി കിടക്കുന്ന മലയാളികളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ശ്രമം; രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും

Jaihind News Bureau
Thursday, August 7, 2025

ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കെടാവര്‍ നായകളെ എത്തിക്കാനാണ് ഇന്നത്തെ നീക്കം. 60 ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് ഇപ്പോഴത്തെ നിഗമനം. മലയാളികളായ 28 പേര്‍ സ്ഥലത്ത് കുടുങ്ങിയിട്ടുണ്ടെന്ന് ഇന്നലെ വിവരം ലഭിച്ചിരുന്നു. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമവും ഇന്ന് തുടരും. 28 പേരും ഗംഗോത്രിയിലെ ക്യാമ്പിലാണുള്ളത്. ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് മിന്നല്‍പ്രളയത്തില്‍ നിലവില്‍ ഒറ്റപ്പെട്ടിരിക്കുന്നത്.

പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നതും ദുരന്ത ബാധിത ഇടത്തേക്ക്് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ വ്യോമമാര്‍ഗം ഇവിടേക്ക് ഇന്ന് എത്തിക്കും. നിലവില്‍ എന്‍ഡിആര്‍എഫിന്റെ മൂന്ന് പുതിയ സംഘത്തെ കൂടി ഇവിടേക്ക് എത്തിക്കും. ധരാലി ഗ്രാമത്തില്‍ കെട്ടിടങ്ങള്‍ അടക്കം മണ്ണിടിഞ്ഞ് മൂടിയിരിക്കുകയാണ്. കാണാതായ 9 സൈനികരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കാണാതായത് എത്ര പേരെന്ന് കൃതൃമായ കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല.