ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനികരടക്കം നിരവധി പേരെ കാണാതായി. ഹര്‍ഷിലെ സൈനിക ക്യാമ്പില്‍ നിന്ന് പത്ത് സൈനികരെയാണ് കാണാതായത്. ധരാലിക്ക് സമീപമുള്ള സുഖി ടോപ്പിലെ സൈനിക ക്യാമ്പിന് സമീപം വീണ്ടും മേഘവിസ്‌ഫോടനം ഉണ്ടായത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. 60-ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. മണ്ണിനും ചെളിക്കും അടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്. ദുരന്തത്തെ തുടര്‍ന്ന് ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. നിരവധി വീടുകളും ഹോട്ടലുകളും തകര്‍ന്നു. സാല്‍ധറിലെ ജ്യോതിര്‍മഠ്-മലരി റോഡ് പൂര്‍ണ്ണമായും ഒലിച്ചുപോയി.
ദേശീയ ദുരന്തനിവാരണ സേന, കരസേന, പോലീസ്, ഐ.ടി.ബി.പി. എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രളയത്തില്‍ ഒലിച്ചുപോയ കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.
പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാല്‍ധറിലെ ജ്യോതിര്‍മഠ്-മലരി റോഡ് തകര്‍ന്നതിനാല്‍ യാത്ര ചെയ്യുന്നവരും പ്രദേശവാസികളും ശ്രദ്ധിക്കണമെന്ന് ചമോലി പോലീസ് അറിയിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ നദികളില്‍ നിന്നും പുഴകളില്‍ നിന്നും അകലം പാലിക്കണമെന്ന് ഉത്തരകാശി പോലീസ് നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി 112 എന്ന നമ്പറില്‍ ബന്ധപ്പെടാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദുരന്തം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ ഓര്‍മ്മപ്പെടുത്തലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.