കൊല്ലം അഞ്ചലിൽ ഭർത്താവു പാമ്പിനെ കൊണ്ടു കൊത്തിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് പോലീസ് കൈമാറി. മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് കുട്ടിയുടെ കൈമാറ്റം നടന്നത്. സൂരജിന്റെ വീട്ടിലെത്തി കുട്ടിയെ സ്വീകരിക്കില്ല എന്ന നിലപാട് ഉത്രയുടെ കുടുംബം എടുത്തതോടെ പൊലീസ് തന്നെ സൂരജിന്റെ വീട്ടിൽ നിന്നും കുട്ടിയെ ഏറ്റുവാങ്ങി വൈദ്യപരിശോധന നടത്തിയ ശേഷം ഉത്രയുടെ വീട്ടിൽ എത്തിയ്ക്കുകയായിരുന്നു. ഇതോടെ ഉത്രയുടെ മകന്റെ സംരക്ഷണാവകാശ തർക്കത്തിന് താത്കാലിക വിരാമമായി.
ഉത്രയുടെ കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാന്‍ ശിശുക്ഷേമ സമിതിയുടെ നിർദ്ദേശിച്ചെങ്കിലും കുട്ടി സ്ഥലത്തില്ലെന്ന നിലപാടാണ് ആദ്യം സൂരജിന്റെ വീട്ടുകാർ സ്വീകരിച്ചത്. കുട്ടിയെ ആദ്യം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പോലീസിന്റെ നിര്‍ണായക ഇടപെടലില്‍ ആ ശ്രമം പാളുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയിൽ ഒന്നരവയസുകാരനെ കൊണ്ടുപോകാൻ സിഡബ്ല്യുസി ഉത്തരവുമായി പോലീസും, ഉത്രയുടെ ബന്ധുക്കളും അടൂർ പാറക്കോട്ടെ വീട്ടിൽ എത്തിയെങ്കിലും സൂരജിന്റെ വീട്ടുകാർ വഴങ്ങിയില്ല. സൂരജിന്റെ അമ്മയ്ക്കൊപ്പം കുട്ടിയെ വീട്ടിൽനിന്ന് മാറ്റുകയായിരുന്നു. എറണാകുളത്തേക്ക് പോയെന്നായിരുന്നു മറുപടി.
എന്നാൽ, രാവിലെ വീട്ടിലെത്തിയ പോലീസിന്റെ സമ്മർദ്ദത്തിന് വീട്ടുകാർ വഴങ്ങി. സമീപത്തെ ബന്ധുവീട്ടിൽ കുട്ടിയുണ്ടെന്നും കൈമാറാൻ തയ്യാറാണെന്നും അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ സൂരജിന്റെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുവന്നു. ഉത്രയുടെ വീട്ടുകാര്‍ സൂരജിന്റെ വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഉത്രയുടെ അച്ഛന് ഇതിന് തയാറായില്ലെന്നു മാത്രമല്ല കുട്ടിയെ അഞ്ചലില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഒടുവില്‍ അഞ്ചല്‍ പൊലീസെത്തി കുട്ടിയെ ഏറ്റുവാങ്ങി. സൂരജിന്റെ പിതാവ് സുരേന്ദ്രനൊപ്പം കുട്ടിയെ അഞ്ചലിലേക്ക് കൊണ്ടുപോയി. കുഞ്ഞിനെ ഒളിപ്പിച്ചതിന് ഉൾപ്പെടെ നിയമനടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. അഞ്ചലിൽ എത്തിച്ച കുട്ടിയെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കും ഹാജരാക്കി