ഉത്ര വധക്കേസ് : പ്രതി സൂരജിന്‍റെ ശിക്ഷാവിധി ഇന്ന്

Jaihind Webdesk
Wednesday, October 13, 2021

 

കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സൂരജിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് ആറാം കോടതി ജഡ്ജി എം മനോജാണ് ശിക്ഷ വിധിക്കുന്നത്. ദാരുണവും പൈശാചികവും വിചിത്രവുമായ അപൂർവങ്ങളിൽ അത്യപൂർവമായ കൊലപാതകമാണിതെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും ശിക്ഷ സംബന്ധിച്ച അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

കൊലപാതകം, വധശ്രമം, വിഷമുള്ള വസ്തുവിനെ ഉപയോഗിച്ചുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ
തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307, 328, 201 തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി സൂരജ് ചെയ്തിട്ടുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് കണ്ടെത്തിയത്. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്‍റെ ശക്തമായ വാദങ്ങളുമാണ് ഉത്ര കേസിനെ ബലപ്പെടുത്തിയത്.

2020 മേയ് ആറിനാണ് ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 ഫെബ്രുവരി 29ന് ആയിരുന്നു ആദ്യ ശ്രമം. കോവണിപ്പടിയിൽ പാമ്പിനെ ഇട്ടെങ്കിലും അന്ന് ഉത്രയ്ക്ക് കടിയേറ്റില്ല. പിന്നീട് 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. അന്ന് കടിയേറ്റ് മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് മാസത്തോളം ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണ് വീണ്ടും മൂർഖന്‍റെ കടിയേറ്റത്. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്.