സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; കോൺഗ്രസ് നേതാവ് പ്രസാദ് നാരായണൻ അന്തരിച്ചു

Jaihind News Bureau
Saturday, December 20, 2025

കോട്ടയം മീനടം പഞ്ചായത്തിലെ ഒന്നാം വാർഡ് നിയുക്ത മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ അന്തരിച്ചു. തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പറായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൃദയാഘാതത്തെത്തുടർന്ന് അന്ത്യം സംഭവിച്ചത്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായിരിക്കെ ഉണ്ടായ ഈ ആകസ്മിക വിയോഗം മീനടം പഞ്ചായത്തിലും രാഷ്ട്രീയ മേഖലയിലും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

കഴിഞ്ഞ 30 വർഷമായി മീനടം പഞ്ചായത്ത് അംഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു പ്രസാദ് നാരായണൻ. ആറ് തവണയാണ് കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജനകീയമായ പ്രവർത്തനശൈലിയും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന സ്വഭാവവും അദ്ദേഹത്തെ വാർഡിലെ പ്രിയങ്കരനായ നേതാവാക്കി മാറ്റി.