
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സഹോദരി ഉഷ മോഹൻദാസ്. ഉമ്മൻചാണ്ടി തന്റെ കുടുംബം തകർത്തു എന്ന ഗണേഷിന്റെ വാദം തെറ്റാണെന്നും, മറിച്ച് ഗണേഷിന്റെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ അദ്ദേഹം പരിശ്രമിക്കുകയാണ് ചെയ്തതെന്നും ഉഷ വ്യക്തമാക്കി. യാമിനി തങ്കച്ചിയുമായുള്ള കുടുംബ പ്രശ്നങ്ങളിൽ പോലീസ് കേസ് ഒഴിവാക്കി ഒത്തുതീർപ്പിന് വഴിയൊരുക്കിയത് ഉമ്മൻചാണ്ടിയായിരുന്നു. കേസുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഗണേഷിന്റെ രാഷ്ട്രീയ ജീവിതം അന്ന് തന്നെ അവസാനിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സോളാർ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വെളിപ്പെടുത്തലും ഉഷ മോഹൻദാസ് നടത്തി. പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ആദ്യം ഉണ്ടായിരുന്നില്ലെന്ന് തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള നേരിട്ട് പറഞ്ഞിട്ടുള്ളതായി അവർ വെളിപ്പെടുത്തി. ഉമ്മൻചാണ്ടിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് ഗണേഷ് കുമാർ വ്യാജ പീഡനക്കേസിൽ അദ്ദേഹത്തെ കുടുക്കിയതെന്നും ഉഷ ആരോപിച്ചു. പിതാവിനെ ഗണേഷ് ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് പിന്നാലെയാണ് സഹോദരിയും രംഗത്തെത്തിയത്.
കുടുംബവഴക്കിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി പറ്റിച്ചുവെന്ന് ഗണേഷ് കുമാർ വിശ്വസിച്ചിരുന്നതായി ഉഷ പറഞ്ഞു. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടിലാക്കിയത് ഉമ്മൻചാണ്ടിയാണെന്ന് ഗണേഷ് ആക്ഷേപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ പോലും മാറ്റിവെച്ച് ഗണേഷിനെ സഹായിക്കാനാണ് അന്ന് അദ്ദേഹം ശ്രമിച്ചതെന്നും, ഗണേഷിന്റെ ആരോപണങ്ങളിൽ സത്യമില്ലെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി.