വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ സൈനിക നടപടികൾ പാടില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ നിര്‍ദ്ദേശം. പാക് മണ്ണിലെ ഭീകരർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും മുന്‍കൈയെടുക്കണം. അതിര്‍ത്തിയിലെ സൈനിക നടപടി ഇരുരാജ്യങ്ങളും അവസാനിപ്പിക്കണമെന്നും മൈക്ക് പോംപിയോ ആവശ്യപ്പെട്ടു.ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാരോടാണ് മൈക്ക് പോംപിയോ ഇക്കാര്യം ആവശ്യപ്പെട്ടത്.
മേഖലയിൽ സമാധാനം നിലനിർത്തണമെന്നും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി ഇന്ത്യയും പാകിസ്ഥാനും സൈനിക നടപടികൾ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് ആക്രമണം തുടരുകയാണ്. അതിർത്തിയില്‍ തുടര്‍ച്ചയായി പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രജൗരിയിലെ 15 ഇടങ്ങളിൽ പാക്കിസ്ഥാൻ മിസൈല്‍, മോര്‍ട്ടാര്‍ ആക്രമണം നടത്തി.
ആക്രമണത്തില്‍ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. സൈനികരുടെ പരിക്ക് നിസാരമാണെന്നാണ് വിവരം. രജൗരിയിലെ ജനവാസ കേന്ദങ്ങളിലാണ് ആക്രമണമുണ്ടായത്.അതേസമയം പാക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. നിരവധി പാകിസ്ഥാന് പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ച് പാക് പോസ്റ്റുകള്‍ തകര്‍ത്തതായും സൂചനയുണ്ട്.