യുഎസ് – ഇറാന്‍ സംഘര്‍ഷം നിരീക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍: ഖത്തര്‍, ബഹ്റൈന്‍ സൈനിക താവളങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിച്ച് അമേരിക്ക

Jaihind News Bureau
Sunday, February 22, 2026

ദുബായ്: യുഎസ് – ഇറാന്‍ സംഘര്‍ഷ സാധ്യതകളെ , ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെയും ബഹ്റൈനിലെയും പ്രധാന സൈനിക താവളങ്ങളില്‍ നിന്ന്, അമേരിക്ക നൂറുകണക്കിന് സൈനികരെ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണിത്. ഇറാനുമായുള്ള സംഘര്‍ഷ സാധ്യതകള്‍ അനുദിനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന്, വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസ്, ബഹ്റൈനിലെ സൈനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സൈനികരെ മാറ്റിയത്. മേഖലയില്‍ ഇറാന്‍ പ്രത്യാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സുപ്രധാന നീക്കം. അതേസമയം, മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍ ഉദൈദില്‍ ഏകദേശം പതിനായിരത്തോളം യുഎസ് സൈനികരാണുള്ളത്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമാണ് ബഹ്‌റൈന്‍. അതിനാല്‍ , പെട്ടെന്നുള്ള പ്രത്യാക്രമണങ്ങളില്‍ സൈനികര്‍ക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് സൂചന. എന്നാല്‍ ഇത് യുദ്ധത്തിന്റെ സൂചനയല്ലെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.