അനിശ്ചിതത്വം അവസാനിച്ചു : യുഎസില്‍ കോമയിലായ വിദ്യാര്‍ഥിയുടെ കുടുംബത്തിന് യുഎസ് വീസ

Jaihind News Bureau
Friday, February 28, 2025

സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം യു എസ് വിസക്കായുള്ള അഭിമുഖം ഉടന്‍ നടക്കുമെന്ന് എംബസിയില്‍ നിന്ന് വിവരം ലഭിച്ചതായി കുടുബം വ്യാഴാഴ്ച അറിയിച്ചിരുന്നു. ഫെബ്രുവരി 14 ന് കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലാണ് അപകടം നടന്നത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയി. തലയിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. മാസ്റ്റര്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥിനിയായ ഷിന്ദേ കഴിഞ്ഞ നാല് വര്‍ഷമായി യുഎസിലാണ്

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ യുഎസില്‍ വാഹനാപകടത്തില്‍ പെട്ട് കോമയിലായ നീലം ഷിന്‍ഡേയെ സന്ദര്‍ശിക്കാന്‍ പിതാവിനും സഹോദരനും അടിയന്തര വീസ അനുവദിച്ചു. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റ് ഓഫീസില്‍ നടന്ന അഭിമുഖത്തില്‍ ഇരുവരും പങ്കെടുത്ത ശേഷമാണ് വിസ അനുവദിച്ചത്. യുഎസിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാലാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിന്ദേ, ഫെബ്രുവരി 14 നുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

റോഡിലൂടെ നടക്കുന്നതിനിടെ നിലം ഷിന്‍ഡേയെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാല്പത് അടിയോളം അകലെ ഉയര്‍ന്നു പൊങ്ങി നിലത്തു വീണ നീലത്തിന് ഗുരുതരമായ പരിക്കുകളേറ്റു. കൈ കാലുകളും വാരിയെല്ലുകളും ഒടിഞ്ഞു. തലയോട്ടിക്കും തലച്ചോറിനും ഏറ്റ പരിക്ക് അവളെ കോമയിലാക്കി. അപകടമുണ്ടായി 48 മണിക്കൂറിനുളളില്‍ നിലത്തിന്റെ കുടുംബം വിസക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ വിസാ നടപടികള്‍ക്കായുളള അഭിമുഖത്തിനുളള സമയം 2026ലേക്കാണ് ലഭിച്ചത്. തുടര്‍ന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. നിലത്തിന്റെ രക്തബന്ധത്തിലുളളവര്‍ യുഎസ്സില്‍ ഇല്ലാത്തതിനാല്‍ കേസുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളും മൂലം വീസ വൈകുന്ന സാഹചര്യമായിരുന്നു നിലവിലുള്ളത്. അതിനാല്‍ ഉന്നത ഇടപെടല്‍ ഉണ്ടാവണമെന്ന അപേക്ഷയുമായി ഇവര്‍ കുറേ നാളുകളായി മുട്ടാത്ത വാതിലുകളില്ല. അടിയന്തര വിസയുടെ പ്രക്രിയ ലഘൂകരിക്കണമെന്ന ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ അപേക്ഷ സ്വീകരിക്കാന്‍ .യുഎസും തയ്യാറായി. ഏറേ ഏറെ നാളുകളായി തുടര്‍ന്ന അനിശ്ചിത്വമാണ് ഇതോടെ അവസാനിച്ചത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിലാം ഷിന്‍ഡെയുടെ ബന്ധുക്കല്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നറിയിച്ചു. കുടുംബത്തോട് ‘സഹതാപവും ഐക്യദാര്‍ഢ്യവും’ പ്രകടിപ്പിക്കുകയും ആശുപത്രിയുമായും കുടുംബവുമായും സുഹൃത്തുക്കളുമായും നിരന്തരം ബന്ധപ്പെടുമെന്നും സോഷ്യല്‍ മീഡിയ വഴി അറിയിച്ചു.

‘നിലം എന്റെ ഏക മകളാണ്. അമ്മയുടെ മരണശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ അവള്‍ നാട്ടില്‍ എത്തിയിരുന്നു. ഫെബ്രുവരി 12 ന്, എന്റെ ഭാര്യയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയിലെ എംഎസ് എഞ്ചിനീയറിംഗിന്റെ അവസാന സെമസ്റ്ററായിരുന്നു അവള്‍ക്ക് ഇപ്പോള്‍. അതു കാരണം വീട്ടിലേക്ക് വരാന്‍ കഴിയാത്തതില്‍ അവള്‍ക്ക് കടുത്ത ദുഃഖമുണ്ടായിരുന്നു. രണ്ട് ദിവസത്തിന് ശേഷം, യൂണിവേഴ്‌സിറ്റിയിലെ ഒരു സുഹൃത്ത് വഴി അവളുടെ അപകട വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. ഒരു ബാങ്കില്‍ നിന്ന പ്യൂണായി വിരമിച്ച പിതാവ് ഷിന്‍ഡെ പറഞ്ഞു.

പൂനെയിലെ സിന്‍ഗാഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ നിലം പിന്നീട് നാസയില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി. നാല് വര്‍ഷം മുമ്പ്, എഞ്ചിനീയറിംഗില്‍ എംഎസ് പഠിക്കാന്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേരുകയായിരുന്നു. അതിന്റെ അവസാന സെമസ്റ്ററിലാണ് അപ്രതീക്ഷിതമായ ദുരന്തം സംഭവിക്കുന്നത്