കൊവിഡ് : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കേര്‍പ്പെടുത്തി യുഎസ് ; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Jaihind Webdesk
Saturday, May 1, 2021

 

വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍  ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. ഈ മാസം നാല് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ‘സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ഉപദേശപ്രകാരം ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള യാത്ര നിയന്ത്രിക്കും’ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ്.സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങിവരണമെന്നുമുള്ള നിര്‍ദേശമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.