US shutdown | സാമ്പത്തിക ബില്ലില്‍ ട്രംപ് ഒപ്പിട്ടു; യു എസ് ഷട്ട്ഡൗണ്‍ അവസാനിച്ചു; സാമ്പത്തിക ആഘാതം മാറാന്‍ ഇനിയും സമയമെടുക്കും ; ജനുവരിയിലും അടച്ചിടല്‍ ഭീഷണി

Jaihind News Bureau
Thursday, November 13, 2025

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണിന് 43 ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച അവസാനമായി. സര്‍ക്കാരിന് ധനസഹായം നല്‍കാനുള്ള ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതോടെ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആശ്വാസമായി. എന്നിരുന്നാലും, ഇതു മൂലം ഉണ്ടായ സാമ്പത്തിക ആഘാതം മാസങ്ങളോളം നീണ്ടുനില്‍ക്കും. ജനുവരിയോടെ മറ്റൊരു ഷട്ട്ഡൗണ്‍ യു എസില്‍ ഏര്‍പ്പെടുത്തിയേക്കാമെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണം. വ്യോമയാന മേഖലയിലുണ്ടായ തകര്‍ച്ച, നഷ്ടപ്പെട്ട തൊഴില്‍ അവസരങ്ങള്‍, പണപ്പെരുപ്പ നിരക്ക്, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നഷ്ടപ്പെട്ട കോടിക്കണക്കിന് ഡോളര്‍, ഏറ്റവും പ്രധാനമായി ഭക്ഷ്യസഹായത്തിന്റെ കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിലുള്ള വിശ്വാസ്യത എന്നിവയെല്ലാം പരിഹരിക്കാനാവാത്ത നഷ്ടങ്ങളായി മാറിയിരിക്കുകയാണ്.

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണ്‍ നടപടിയാണ് ഉണ്ടായത്. സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം, വിമാനസര്‍വ്വീസ് ഇല്ലാത്തതിനാല്‍ വിസ്‌കോണ്‍സിന്‍ റിപ്പബ്ലിക്കന്‍ ഡെറിക് വാന്‍ ഓര്‍ഡന്‍ 1,600 കിലോമീറ്ററിലധികം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് സഭയിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ശേഷം ബില്‍ ട്രംപിന് അയച്ചുനല്‍കി. ഈ നടപടി ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കിയെങ്കിലും, സമ്പദ്വ്യവസ്ഥയ്ക്കും ഭരണകൂടത്തിലുള്ള വിശ്വാസത്തിനും സംഭവിച്ച ആഘാതം ഏറെ ആഴമേറിയതായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിമാന സര്‍വീസുകളും ഭക്ഷ്യസഹായ വിതരണവും മെല്ലെ മാത്രമേ സാധാരണ നിലയിലേക്ക് എത്തുകയുള്ളൂ.

ഷട്ട്ഡൗണ്‍ കാരണം ശമ്പളം മരവിപ്പിച്ചതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ജോലിക്ക് ഹാജരായില്ല.ഇതോടെയാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഒരു അടിയന്തര ഉത്തരവിലൂടെ വിമാന സര്‍വീസുകള്‍ 10% വരെ വെട്ടിക്കുറയ്ക്കാന്‍ എയര്‍ലൈനുകളോട് നിര്‍ദ്ദേശിച്ചത്. ഷട്ട്ഡൗണ്‍ സമയത്ത് ജോലി ചെയ്തവര്‍ക്ക് അവരുടെ കുടിശ്ശിക ഉടന്‍ ലഭിക്കില്ല, ചില ജീവനക്കാര്‍ ഉടന്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സാധ്യതയുമില്ല. 2019 ലെ ഷട്ട്ഡൗണ്‍ സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ രണ്ട് മാസത്തിലേറെ എടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സര്‍ക്കാരിന്റെ ഡാറ്റാ ശേഖരണത്തിന് ഷട്ട്ഡൗണ്‍ സ്ഥിരമായ നാശനഷ്ടമുണ്ടാക്കി. ഷട്ട്ഡൗണ്‍ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന് സ്ഥിരമായ നാശനഷ്ടമുണ്ടാക്കിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ‘ഒക്ടോബറിലെ സിപിഐയും തൊഴില്‍ റിപ്പോര്‍ട്ടുകളും ഒരുപക്ഷേ ഒരിക്കലും പുറത്തുവിടില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു. തൊഴില്‍ വകുപ്പിന്റെ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള പ്രതിമാസ ഉപഭോക്തൃ വില സൂചിക, റീട്ടെയില്‍ വില്‍പ്പന, വ്യാപാര കണക്കുകള്‍, ഉപഭോക്തൃ ചെലവുകളും വരുമാനവും ഉള്‍പ്പെടെയുള്ള നിരവധി പ്രധാന സാമ്പത്തിക സൂചകങ്ങളെ ഷട്ട്ഡൗണ്‍ ബാധിച്ചിട്ടുണ്ട്. ആറാഴ്ചയിലേറെയായി നീണ്ടുനിന്ന ഷട്ട്ഡൗണ്‍ കാരണം പ്രധാന സാമ്പത്തിക സൂചകങ്ങള്‍ പുറത്തുവിടുന്നത് വൈകിയതില്‍ വാള്‍സ്ട്രീറ്റ് ആശങ്കാകുലരാണെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷട്ട്ഡൗണ്‍ കാരണം പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് പോകേണ്ടിയിരുന്ന ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. നിരവധി റെസ്റ്റോറന്റുകളിലെ കച്ചവടം കുറഞ്ഞു. ഈ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. യുഎസ് സമ്പദ്വ്യവസ്ഥയില്‍ ഏകദേശം 5500 കോടി ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു. ഷട്ട്ഡൗണില്‍ നിന്നുള്ള സാമ്പത്തിക ആഘാതം വലുതായിരിക്കും. നാലാം പാദത്തിലെ ജിഡിപി നമ്പറുകള്‍ 2 ശതമാനം വരെ കുറയാന്‍ ഇത് കാരണമായേക്കാമെന്ന് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെങ്കിലും, സംവിധാനത്തിലുള്ള വിശ്വാസം ഒരുപക്ഷേ മടങ്ങിവന്നേക്കില്ല. ട്രംപിന്റെ ഫണ്ട് തടസ്സപ്പെടുത്തല്‍ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും, സര്‍ക്കാര്‍ പൗരന്മാരെ സംരക്ഷിക്കുമോ എന്ന് പലരെയും സംശയിപ്പിക്കുകയും ചെയ്തു. ജനുവരി 30 ആണ് അടുത്ത ഷട്ട്ഡൗണിന് സാധ്യതയുള്ള അടുത്ത തീയതി, കാരണം ഈ വാരാന്ത്യത്തില്‍ ചര്‍ച്ച ചെയ്ത കരാര്‍ ഫെഡറല്‍ സര്‍ക്കാരിനുള്ള ധനസഹായം ഒരു ക്വാര്‍ട്ടര്‍ വരെ മാത്രമേ നീട്ടിയിട്ടുള്ളൂ.