U.S SHUTDOWN| അടച്ചുപൂട്ടല്‍ രണ്ടാം ദിവസത്തിലേക്ക്; ആശങ്ക വര്‍ധിക്കുന്നു

Jaihind News Bureau
Thursday, October 2, 2025

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ രണ്ടാം ദിവസത്തേക്ക് കടന്നു. ഇതോടെ രാജ്യം കൂടുതല്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. ധനവിനിയോഗ ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണം. ബില്‍ പാസാക്കാന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കും സമവായത്തിലെത്താന്‍ കഴിയാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് വഴിവെച്ചത്.

ഷട്ട്ഡൗണ്‍ നിലവില്‍ വന്നതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതത്തിലായി. ഇവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് ആവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യം തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. സാധാരണക്കാരും ഇതോടെ വലഞ്ഞിരിക്കുകയാണ്.

ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളെയും ഇത് ബാധിച്ചു. ദേശീയോദ്യാനങ്ങള്‍, മ്യൂസിയങ്ങള്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കും. ഈ അടച്ചുപൂട്ടലിന്റെ ആഴവും പ്രത്യാഘാതവും അതിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കും.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഈ ഷട്ട്ഡൗണ്‍ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 1981 ന് ശേഷം അമേരിക്ക സാക്ഷ്യം വഹിക്കുന്ന പതിനാറാമത്തെ അടച്ചുപൂട്ടലാണിത്. 2018-ല്‍ ട്രംപിന്റെ ഭരണകാലത്ത് 35 ദിവസം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.