അറ്റ്ലാന്റിക്കില്‍ യുഎസ് പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍; ആകെ 28 ജീവനക്കാര്‍

Jaihind News Bureau
Friday, January 9, 2026

 

വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെനസ്വേലയുടെ എണ്ണക്കപ്പല്‍ യുഎസ് സൈന്യം പിടിച്ചെടുത്ത സംഭവത്തില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയോടെ സഞ്ചരിക്കുകയായിരുന്ന ‘മറിനേര’ എന്ന കപ്പലാണ് യുഎസ് സേന പിടികൂടിയത്. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തി എന്നാരോപിച്ചാണ് നടപടി.

കപ്പലിലെ ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതില്‍ ഇന്ത്യക്കാരുള്ള വിവരം സ്ഥിരീകരിച്ചത്. ആകെ 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ മൂന്ന് ഇന്ത്യക്കാരെ കൂടാതെ 17 യുക്രൈന്‍ സ്വദേശികള്‍, ആറ് ജോര്‍ജിയന്‍ സ്വദേശികള്‍, രണ്ട് റഷ്യക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നു.

ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് യുഎസ് യൂറോപ്യന്‍ കമാന്‍ഡ് കപ്പല്‍ പിടിച്ചെടുത്തത്. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ കപ്പലിന് മുകളില്‍ വട്ടമിട്ടു പറക്കുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ‘ബെല്ല 1’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കപ്പല്‍, ഇറാനുമായുള്ള എണ്ണവ്യാപാരത്തിന്റെ പേരില്‍ യുഎസ് ഉപരോധം നേരിട്ടിരുന്നു. അടുത്തിടെയാണ് ഇതിന്റെ പേര് ‘മറിനേര’ എന്ന് മാറ്റിയത്. ഇതിന് പിന്നാലെ ബുധനാഴ്ച കരീബിയന്‍ കടലില്‍ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും യുഎസ് സേന പിടിച്ചെടുത്തിരുന്നു.