
കീവ്: നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം ഈ വര്‍ഷം ജൂണോടെ അവസാനിപ്പിക്കാന്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദമുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന നിര്‍ണ്ണായക ചര്‍ച്ച അടുത്തയാഴ്ച അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നടക്കും. യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് സമാധാന ചര്‍ച്ചകള്‍ക്ക് യു.എസ് വേദിയൊരുക്കുന്നത്.
ജനുവരി മുതല്‍ അബുദാബിയില്‍ യു.എസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഭൂപ്രദേശങ്ങളുടെ അവകാശത്തെച്ചൊല്ലി ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. നിലവില്‍ യുക്രൈന്റെ 20 ശതമാനത്തോളം ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്. കിഴക്കന്‍ യുക്രൈനിലെ ഡൊണെറ്റ്സ്‌ക് മേഖലയുടെ പൂര്‍ണ്ണ നിയന്ത്രണം വേണമെന്ന ആവശ്യത്തില്‍ റഷ്യ ഉറച്ചുനില്‍ക്കുന്നു. അല്ലാത്തപക്ഷം സൈനിക നീക്കത്തിലൂടെ ഇത് പിടിച്ചെടുക്കുമെന്നാണ് റഷ്യയുടെ ഭീഷണി. ഭൂപ്രദേശം വിട്ടുകൊടുക്കുന്നത് റഷ്യയെ കൂടുതല്‍ ശക്തരാക്കുമെന്നും ഭാവിയില്‍ വീണ്ടും അധിനിവേശത്തിന് കാരണമാകുമെന്നും യുക്രൈന്‍ ഭയപ്പെടുന്നു. നിലവില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ഇടങ്ങള്‍ അതേപടി നിലനിര്‍ത്തി യുദ്ധം അവസാനിപ്പിക്കാനാണ് യുക്രൈന്റെ താല്പര്യം.
ഡൊണെറ്റ്സ്‌കിലെ തര്‍ക്കപ്രദേശങ്ങളെ ഒരു രാജ്യത്തിനും സൈനിക സ്വാധീനമില്ലാത്ത ‘സ്വതന്ത്ര സാമ്പത്തിക മേഖല’യായി മാറ്റി യുദ്ധം അവസാനിപ്പിക്കാനാണ് അമേരിക്ക നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ച സെലെന്‍സ്‌കി, ഇത്തരമൊരു മേഖല രൂപീകരിക്കുകയാണെങ്കില്‍ കൃത്യവും നീതിപൂര്‍വ്വവുമായ ചട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു.
സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കങ്ങള്‍ക്കിടയിലും യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. പടിഞ്ഞാറന്‍ യുക്രൈനിലെ രണ്ട് വൈദ്യുത നിലയങ്ങള്‍ക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് രാജ്യം വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലാണ്. ഇതേത്തുടര്‍ന്ന് അയല്‍രാജ്യമായ പോളണ്ടിനോട് യുക്രൈന്‍ അടിയന്തര സഹായം തേടിയിട്ടുണ്ട്. സപോറീസിയ ആണവനിലയത്തിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കവും ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണ്.