അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് മുന്‍തൂക്കം ; പോരാട്ടം തുടരുന്നു

Jaihind News Bureau
Wednesday, November 4, 2020

 

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യസൂചനകള്‍ ലഭ്യമാകുമ്പോള്‍ ജോ ബൈഡന് മേല്‍ക്കൈ. 122 ഇടങ്ങളില്‍ ബൈഡന്‍ മുന്നിലാണ്.  വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന  അരമണിക്കൂറിനുള്ളില്‍ ആദ്യ ഘട്ട ഫലം പുറത്തുവരുമ്പോള്‍ ഫ്ലോറിഡയിലെ വിജയം ട്രംപിനും ബൈഡനും നിര്‍ണായകമാണ്. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിനാണ് വിജയം. 93 ഇടത്ത് ട്രംപ് നിലവിൽ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്.

അതേസമയം ജോര്‍ജിയയിലും ഫലം മാറിമറിയുന്നു, റിപ്പബ്ലിക്കന്‍ സംസ്ഥാനത്ത് ബൈഡന്‍ മുന്നിലാണ്. 85 ഇടത്താണ് ജോ ബൈഡൻ മുന്നിൽ. ആദ്യഘട്ട പോളിങ് അല്‍പ്പസമയത്തിനകം അവസാനിക്കും.മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോസ്റ്റല്‍ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളാനാണ് സാധ്യത. 10.2 കോടി ജനങ്ങളാണ് തിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് മുന്‍പ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിര‍ഞ്ഞെടുപ്പ് നടന്നു.