ഇന്ധനത്തിനായി സ്വന്തം വഴി നോക്കുക; ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ലോകരാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്.

Jaihind News Bureau
Wednesday, April 1, 2026

 

ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ലോകത്തെ അമ്പരപ്പിച്ച ഈ പ്രഖ്യാപനം ഉണ്ടായത്. ഇറാനെ വിട്ടുകളയുക എന്നതാണ് തന്റെ നിലപാടെന്നും അതോടെ രാജ്യം തകർന്നടിയുമെന്നും ട്രംപ് പരിഹസിച്ചു. ഹോർമുസ് കടലിടുക്കിലെ എണ്ണ പ്രതിസന്ധിയിൽ ലോകരാജ്യങ്ങൾ സ്വന്തം വഴി നോക്കണമെന്ന കടുത്ത നിർദ്ദേശവും ട്രംപ് മുന്നോട്ടുവെച്ചു.

പശ്ചിമേഷ്യയിലെ യുദ്ധകാഹളം ഉടൻ അടങ്ങുമെന്ന സൂചനയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകുന്നത്. തങ്ങളുടെ ജോലികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു എന്നും രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ വെറും രണ്ട് ദിവസത്തിനുള്ളിലോ എല്ലാം അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനായി ഇറാനുമായി യാതൊരുവിധ കരാറിലും ഏർപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇറാൻ വിഷയത്തിൽ അമേരിക്കയുടെ അടുത്ത നീക്കം എന്താണെന്ന് വിശദീകരിക്കാൻ ഇന്ന് വൈകുന്നേരം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. “ഇറാനെ വിട്ടുകളയുക എന്നതാണ് എനിക്ക് ആകെ ചെയ്യാൻ കഴിയുന്നത്. ഞാൻ അത് ഉടൻ ചെയ്യും, അതോടെ അവർ തകർന്നു വീഴും” – ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.

അതേസമയം, ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് വളരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ എണ്ണ ലഭ്യത തടസ്സപ്പെട്ട രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് അത് ഉറപ്പുവരുത്തണം. ഒന്നുകിൽ അമേരിക്കയിൽ നിന്ന് ഇന്ധനം വാങ്ങുക, അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുക എന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടത്.

അമേരിക്കയെ സഹായിക്കാൻ വരാത്ത രാജ്യങ്ങളെ സഹായിക്കാൻ ഇനി അമേരിക്ക ഉണ്ടാവില്ലെന്നും, നിങ്ങളുടെ എണ്ണ നിങ്ങൾ തന്നെ പോരാടി നേടണമെന്നും ട്രംപ് തുറന്നടിച്ചു. ട്രംപിന്റെ ഈ പുതിയ നിലപാട് ആഗോള രാഷ്ട്രീയത്തിലും എണ്ണ വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.