
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്.ഇതുസംബന്ധിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപനം നടത്തിയത്.
‘കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് അംഗീകാരം നൽകുന്നത്. നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല.ഇന്ത്യ അമേരിക്കയുടെ അവശ്യ പങ്കാളിയാണ്. കൂടാതെ യുഎസ് എണ്ണ വാങ്ങൽ ഇന്ത്യ വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ പൂർണമായും പ്രതീക്ഷിക്കുന്നു. ആഗോള ഊർജ്ജത്തെ ബന്ദികളാക്കാനുള്ള ഇറാൻ ശ്രമം മൂലമുണ്ടാകുന്ന സമ്മർദ്ദം ലഘൂകരിക്കാൻ ഈ താൽക്കാലിക നടപടി സഹായിക്കും.’- എന്നാണ് സമൂഹമാദ്ധ്യമക്കുറിപ്പിലൂടെ യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കിയത്.
ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 1.1 ദശലക്ഷം ബാരലായി കുറഞ്ഞിരുന്നു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. യുഎസ് തീരുവകളിൽ നിന്ന് രക്ഷനേടാൻ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 21.2 ശതമാനമായി കുറച്ചുവെന്ന് ഇന്ത്യൻ വ്യാവസായിക കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ഈ വിഹിതം ഏകദേശം 30 ശമതാനമായി ഉയർന്നു.ഇറാൻ യുദ്ധം ശക്തമായതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചിട്ടതിന്റെ ഫലമായി ആഗോളപരമായി എണ്ണവില കുതിച്ചുയരുകയാണ്.