Donald Trump| ട്രംപിന്റെ നയങ്ങള്‍ക്ക് തിരിച്ചടി; നയങ്ങളില്‍ മിക്കവയും നിയമവിരുദ്ധമെന്ന് യുഎസ് കോടതി

Jaihind News Bureau
Saturday, August 30, 2025

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ചുമത്തിയ അധിക താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി. അടിയന്തര സാമ്പത്തിക നിയമം ഉപയോഗിച്ച് ട്രംപ് നടപ്പാക്കിയ പല താരിഫുകളും നിയമവിരുദ്ധമാണെന്ന് കോടതി വിധി പ്രഖ്യാപിച്ചു. താരിഫുകള്‍ നിശ്ചയിക്കാനുള്ള അധികാരം പ്രസിഡന്റിനല്ലെന്നും അത് യുഎസ് കോണ്‍ഗ്രസിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി. 7- 4 ഭൂരിപക്ഷ വിധിയിലാണ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി ട്രംപിന്റെ നീക്കത്തെ തള്ളിയത്.

ട്രംപിന്റെ വിദേശനയങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി. ചൈന, മെക്‌സിക്കോ, കാനഡ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അദ്ദേഹം ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളെ ഈ വിധി നേരിട്ട് ബാധിക്കും. നിലവില്‍, ഈ താരിഫ് നയങ്ങള്‍ അസാധുവാണെന്ന് കോടതി പറഞ്ഞെങ്കിലും, വിധി ഒക്ടോബര്‍ 14 വരെ പ്രാബല്യത്തില്‍ വരില്ല. സുപ്രീം കോടതിയെ സമീപിക്കാന്‍ ട്രംപ് ഭരണകൂടത്തിന് സമയം നല്‍കുന്നതിനാലാണിത്.

അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് ശക്തമായി രംഗത്തെത്തി. ഈ വിധി അമേരിക്കന്‍ ഐക്യനാടുകളെ നശിപ്പിക്കുമെന്ന് ട്രംപ് ആരോപിച്ചു. താരിഫുകള്‍ നീക്കം ചെയ്യുന്നത് രാജ്യത്തിന് സാമ്പത്തികമായി ദുരന്തമായിരിക്കുമെന്നും, ഈ വിധി നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ച് താന്‍ ചെയ്തത് ശരിയാണെന്നും ട്രംപ് വാദിച്ചു.