യു.എസ്. സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണം; തിരിച്ചടിച്ച് അമേരിക്ക, 18 പേര്‍ കൊല്ലപ്പെട്ടു

Jaihind Webdesk
Saturday, February 3, 2024

ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കി അമേരിക്ക. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ യു.എസ്. പ്രത്യാക്രമണം നടത്തി. യു.എസിന്റെ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

കഴിഞ്ഞ ഞായറാഴ്ചയാണ് ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായത്. മൂന്ന് അമേരിക്കന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് യു.എസ്. ആരോപണം. എന്നാല്‍, ഇറാന്റെ ഭൗമാതിര്‍ത്തിയ്ക്കുള്ളില്‍ അമേരിക്ക ആക്രമണം നടത്തിയില്ല. പകരം ഇറാഖിലെയും സിറിയയിലെയും ഐ.ആര്‍.ജി.സിയുമായി ബന്ധമുള്ള 85-ല്‍ അധികം കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്.

വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണവും എത്തിയിട്ടുണ്ട്. തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളില്‍ ആക്രമണം നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റിലോ ലോകത്ത് മറ്റ് എവിടെയെങ്കിലുമോ യു.എസ്. സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങളെ മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാവരും ഇത് അറിഞ്ഞിരിക്കണം, ഞങ്ങള്‍ പ്രതികരിക്കുമെന്നും ബൈഡന്‍ എക്സില്‍ കുറിച്ചു.