
വാഷിംഗ്ടണ്‍/കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നടന്ന വന്‍ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ‘വെനസ്വേലയ്ക്കും അവിടുത്തെ ഭരണാധികാരിക്കും എതിരെ അമേരിക്ക വന്‍ വിജയം കൈവരിച്ചു. മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും കസ്റ്റഡിയിലെടുത്ത് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി,എന്ന് ട്രംപ് കുറിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കാരക്കാസില്‍ വന്‍ സ്ഫോടനങ്ങള്‍ കേട്ടുതുടങ്ങിയത്. താഴ്ന്നു പറന്ന യുദ്ധവിമാനങ്ങളുടെ ഇരമ്പലും സ്ഫോടന ശബ്ദങ്ങളും കേട്ടതായി നഗരവാസികള്‍ പറയുന്നു. നഗരത്തിലെ പ്രധാന സൈനിക താവളത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നതിന്റെയും കനത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും നടന്നതായാണ് റിപ്പോര്‍ട്ട്.
ആക്രമണം നടത്തിയത് യുഎസ് സൈന്യമാണെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റ് മഡുറോയെ പിടികൂടിയെന്ന ട്രംപിന്റെ അവകാശവാദത്തോട് വെനസ്വേലന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.