റിസര്‍വ് ബാങ്കിനെ സംരക്ഷിക്കാനാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്ബിഐയെപ്പോലുള്ള സ്ഥാപനങ്ങളെ അപമാനിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉര്‍ജിത് രാജിവയ്ക്കുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു. കാരണം അദ്ദേഹത്തിനു സര്‍ക്കാരുമായി കൂടുതല്‍ കാലം ഒത്തുപോകാന്‍ കഴിയില്ലായിരുന്നുവെന്ന് രാഹുൽഗാന്ധി പറഞ്ഞു.മോദിയുടെ മുഖം രക്ഷിക്കുന്നതിനു റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം എടുത്തുകൊണ്ടുപോകുന്നത് രാജ്യത്തിനെതിരായ പ്രവര്‍ത്തിയാണ്.എല്ലാ മേഖലകളിലുള്ള ആളുകളും സ്ഥാപനങ്ങളും ഇതിനെതിരായി ഉണര്ന്നെണീറ്റതില് താന്‍ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സ്വതന്ത്രസ്ഥാപനങ്ങളെ അപമാനിക്കാന്‍ ബിജെപിയെ ഇനിയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ തീരുമാനമെടുത്തു. ബിജെപിയെ പരാജയപ്പെടുത്തുകയും ഇന്ത്യന്‍ ഭരണഘടനയേയും സ്ഥാപനങ്ങളെയും സംരക്ഷിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സിബിഐ മുതല്‍ ആര്ബിഐവരെയുള്ള സ്ഥാപനങ്ങളും നശിച്ചിരിക്കുന്നു. ഇത് മുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മമതയും പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. 21 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.