എയർ ഇന്ത്യ ഫ്ലൈറ്റിൽ മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കര്‍ മിശ്ര അറസ്റ്റിൽ

Jaihind Webdesk
Saturday, January 7, 2023

ഡല്‍ഹി:  എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റിൽ. ബെംഗളുരുവിലെ സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.   ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  ശങ്കർ മിശ്ര എവിടെയാണെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് ഡല്‍ഹി പൊലീസ് ബെംഗളൂരുവിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ ഫ്ലൈറ്റിൽ ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ  ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത്. ഇതെതുടര്‍ന്ന് മുംബൈ സ്വദേശിയായ ഇയാളെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കർ മിശ്ര. നവംബർ 26 നാണ് കേസിനാസ്പദമായ സംഭവം.

അതേസമയം എയർ ഇന്ത്യ ശങ്കര്‍ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കിയിട്ടുണ്ട്. സംഭവ സമയത്ത ഉണ്ടായിരുന്ന  ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുമുണ്ട്.