ലഹരിയുടെ കേന്ദ്രമായി സംസ്ഥാനം മാറിയെന്ന് അടിയന്തര പ്രമേയം

Jaihind News Bureau
Tuesday, February 11, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വ്യാപനവും അത് സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തുകളും അതിക്രമങ്ങളും അതിനെ ഫലപ്രദമായി പ്രതിരോധിക്കുവാൻ പരാജയപ്പെടുന്ന സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകളും അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടി. ലഹരിയുടെ കേന്ദ്രമായി സംസ്ഥാനം മാറിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പതിവ് അടിയന്തര പ്രമേയ ചർച്ചകളിൽ നിന്നും വിഭിന്നമായി പിസി വിഷ്ണുനാഥ് സഭയിൽ ഉയർത്തിയ ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ ഭരണ പ്രതിപക്ഷ നിരയിൽ നിന്ന് യോജിച്ച ശബ്ദങ്ങളാണ് സഭയിൽ ഉയർന്നത്

ലഹരിവ്യാപനം കേരളത്തിൽ സൃഷ്ടിക്കുന്ന ക്രൂരതകളുടെയും സാമൂഹ്യ വിപത്തിന്‍റെയും നേർചിത്രങ്ങൾ വിവരിച്ച് കൊണ്ടാണ് പിസി വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മാരകമായ ലഹരി വസ്തുക്കൾ സുലഭമായി എല്ലായിടവും ലഭിക്കുമ്പോൾ അതിനെ ഫലപ്രദമായി നിയന്ത്രിക്കുവാൻ കഴിയാത്ത സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകളും പോരായ്മകളും വിഷ്ണുനാഥ് എടുത്തു കാട്ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ബോധവൽക്കരണം നടത്തിയും
എക്സൈസ് വകുപ്പിനെ ആധുനികവൽക്കരിച്ചും, നിയമങ്ങൾ കർശനമാക്കിയും സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലഹരിയുടെ കേന്ദ്രമായി സംസ്ഥാനം മാറിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തിൽ ഒരുകാലത്തും ഇല്ലാത്ത ദുരന്തമായി ഇത് മാറിയെന്നുംസർക്കാർ ഇതിനെ നേരിടുന്നതിന് ഒന്നും ചെയ്യുന്നില്ലെന്നും എൻഫോഴ്സ്മെൻ്റ്   സംവിധാനം തികഞ്ഞ പരാജയമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഉറക്കം നടിച്ചിട്ട് കാര്യമില്ലെന്നും ഇത് അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പതിവ് അടിയന്തര പ്രമേയ ചർച്ചകളിൽ നിന്നും വിഭിന്നമായി പിസി വിഷ്ണുനാഥ് സഭയിൽ ഉയർത്തിയ ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ ഭരണ പ്രതിപക്ഷ നിരയിൽ നിന്ന് യോജിച്ച ശബ്ദങ്ങളാണ് സഭയിൽ ഉയർന്നത്.
പിസി വിഷ്ണുനാഥിനെ അഭിനന്ദിച്ചു കൊണ്ടാണ് മന്ത്രി എം ബി .രാജേഷ് മറുപടി പ്രസംഗം ആരംഭിച്ചത്. മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ സഭയ്ക്കകത്തും പുറത്തും കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിച്ച പോരാട്ടം ഉണ്ടാകണമെന്ന് സന്ദേശവും അഭിപ്രായസമന്വയവും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിലൂടെ പ്രതിഫലിച്ചു